പാലക്കാട്: ലോക് ഡൗണില്‍ പാല്‍ വിപണനം കുറഞ്ഞ സാഹചര്യത്തില്‍ ഉച്ചകഴിഞ്ഞ് പാൽ സംഭരിക്കില്ലെന്ന് അറിയിച്ച് മിൽമ. ഇന്ന് മുതലാണ് പാൽ സംഭരണത്തിൽ മിൽമയേർപ്പെടുത്തിയ നിയന്ത്രണം നിലവിൽ വന്നത്. 40% പാൽ സംഭരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഇതോടെ ബാക്കിവരുന്ന പാൽ എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടിൽ ആയിരിക്കുകയാണ് മലബാർ മേഖലയിലെ ക്ഷീരകർഷകർ. അധികം വരുന്ന പാല് വിറ്റഴിക്കാൻ പ്രാദേശിക വിപണിപോലുമില്ല.
ലോക് ഡൗൺ പ്രതിസന്ധിയിയെ തുടര്‍ന്ന് മലബാർ മേഖലയിലാണ് മിൽമ പാൽ സംഭരണം വെട്ടിച്ചുരുക്കിയത്. നിലവിൽ ദിവസവും 7 ലക്ഷത്തി 95000 ലിറ്ററാണ് സംഭരണം. ഇതിൽ പാലക്കാട്ടുനിന്നുളള 2.70 ലക്ഷം ലിറ്ററിൽ 1.70 ലക്ഷം ലിറ്ററും നൽകുന്നത് ചിറ്റൂർ മേഖലയിൽ നിന്നാണ്. ലോക് ഡൗണായതോടെ, ദിവസവും നാല് ലക്ഷം ലിറ്റർ പാലാണ് മിച്ചം വരുന്നത്. ഇത് മുഴുവൻ പൊടിയാക്കിമാറ്റാനാവാത്തതും ഉത്പാദനത്തിനനുസരിച്ച് വിൽപനയില്ലാത്തതും വെല്ലുവിളിയെന്നാണ് മിൽമയുടെ വിശദീകരണം. സർക്കാർ മുൻകൈയെടുത്ത് പരിഹാരം കണ്ടില്ലെങ്കിൽ ക്ഷീരോത്പാദന മേഖലയിൽ വലിയ പ്രതിസന്ധിയാവുമെന്ന് ക്ഷീരസഹകരണ സംഘങ്ങളും പറയുന്നു.