പീരുമേട്: പാലം പണി പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് യുവാവ് പാലത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. നാരകക്കുഴി പുത്തന്‍പുരയ്ക്കല്‍ ജോണ്‍സനാണ് ആത്മഹത്യാ ഭീഷണിയുമായി ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ പാലത്തിന്റെ തൂണിനു മുകളില്‍ കയറിയത്.
കലക്ടര്‍ നേരിട്ട് വന്ന് പ്രശ്നം പരിഹരിച്ചാല്‍ മാത്രമേ ഇറങ്ങൂ എന്നായിരുന്നു ജോണ്‍സന്റെ വാദം. സംഭവമറിഞ്ഞ് പ്രദേശവാസികളും ജനപ്രതിനിധികളും അടക്കം നിരവധി പേര്‍ സ്ഥലത്തെത്തി. പിന്നീട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. നൗഷാദ് സ്ഥലത്തെത്തി പാലം പണി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് ഇയാള്‍ താഴെയിറങ്ങിയത്.
മൂന്നു വര്‍ഷം മുമ്പാണ് അഴുത ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവിട്ട് പാലം പണിക്കായി രണ്ട് തൂണുകള്‍ മാത്രം നിര്‍മിച്ചത്. പാലം പണിയാതെ കരാറുകാരന്‍ സ്ഥലം വിട്ടതോടെ പ്രദേശവാസികള്‍ ദുരിതത്തിലാണ്. ഡോ. ഗിന്നസ് മാടസ്വാമി സമര്‍പ്പിച്ച പരാതിയില്‍ പാലം പൊളിച്ചു പണിയുന്നതിലെ തടസങ്ങള്‍ പരിശോധിച്ച് പരിഹാരമാര്‍ഗങ്ങള്‍ ഉള്‍പ്പെടെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ് നല്‍കിയിരുന്നതാണ്. എന്നാല്‍ ഇതും പാലിക്കപ്പെട്ടില്ല. മഴക്കാലത്ത് പ്രദേശം ഒറ്റപ്പെട്ട സ്ഥിതിയിലാണ്.