കൊച്ചി: പാലാരിവട്ടത്തു നിന്നു യുവതിയെ തെറ്റിദ്ധരിപ്പിച്ചു കാറുമായി മുങ്ങിയ യുവാവിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു. യുവാവ് തട്ടിയെടുത്ത പുതിയ ഐ 20 കാര്‍ ജിപിഎസിന്റെ സഹായത്തോടെ പോലീസ് ഇന്നലെത്തന്നെ കണ്ടെത്തിയിരുന്നു. മാമംഗലം സണ്ണി എസ്റ്റേറ്റില്‍ താമസിക്കുന്ന യുവതിയുടെ കാര്‍ ഫ്ളാറ്റിനു സമീപത്തുനിന്നാണ് തട്ടിയെടുത്തത്.
യുവതിയുടെ വീട്ടിലെ മുന്‍ ഡ്രൈവറും സഹായിയുമായ വ്യക്തിയാണ് കാറുമായി മുങ്ങിയതെന്നു പാലാരിവട്ടം പോലീസ് പറഞ്ഞു. യുവാവിന്റെ പേരില്‍ ലോണെടുത്തു വാങ്ങിയ കാറിനെ സംബന്ധിച്ചു കഴിഞ്ഞ ആറു മാസമായി ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇന്നലെ രാവിലെ യുവതി കാറുമായി ഫ്ളാറ്റിനു പുറത്തേക്കു വന്നപ്പോള്‍ വഴിയില്‍ കാത്തുനിന്ന ഇയാള്‍ ടയര്‍ പഞ്ചറാണെന്ന് അറിയിച്ചു.
തുടര്‍ന്നു താക്കോല്‍ വണ്ടിയില്‍ തന്നെയിട്ടു യുവതി പുറത്തിറങ്ങി ടയര്‍ നോക്കുന്നതിനിടെ യുവാവ് കാറുമായി മുങ്ങുകയായിരുന്നു. ഉടന്‍ത്തന്നെ യുവതി പാലാരിവട്ടം പോലീസിലും കാര്‍ വാങ്ങിയ ഷോ റൂമിലും വിവരം അറിയിച്ചു. കാറില്‍ ജിപിഎസ് സൗകര്യമുണ്ടെന്നും ഇതുപയോഗിച്ചു കാര്‍ കണ്ടെത്താനാകുമെന്നും കാര്‍ ഷോറൂമില്‍നിന്ന് അറിയിച്ചു. ഇതിനെത്തുടര്‍ന്ന് കാറിന്റെ ജിപിഎസ് ലൊക്കേഷന്‍ വയര്‍ലെസ് സെറ്റിലൂടെ പോലീസുകാര്‍ക്കു കൈമാറി. യുവാവ് കാറുമായി ഏറെ നേരം നഗരത്തില്‍ കറങ്ങി.
തുടര്‍ന്ന് കുമ്പളം ടോള്‍ പ്ലാസയ്ക്കു സമീപത്തുവച്ചു ഹൈവേ പോലീസ് കാറിനെ പിടികൂടാനായി പിന്നാലെ പാഞ്ഞു. ഇതു മനസിലാക്കി കാര്‍ കൈക്കലാക്കിയ ആള്‍ കുമ്പളം റമദ റിസോര്‍ട്ടിനു സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ കാര്‍ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഹൈവേ പോലീസ് എസ്ഐ രമേശനും സംഘവും കാര്‍ കസ്റ്റഡിയിലെടുത്തു പാലാരിവട്ടം പോലീസിനു കൈമാറി.