കോട്ടയം: കുമാരനല്ലൂരില്‍ ഉത്തരേന്ത്യന്‍ മോഡല്‍ ആള്‍ക്കൂട്ട ആക്രമണം, യുവാവിനെ നടുറോഡിലിട്ട് പതിനഞ്ചോളം വരുന്ന ആക്രമിസംഘം തല്ലിച്ചതച്ചു. ഡിസംബര്‍ 24 ന് ക്രിസ്മസ് തലേന്ന് രാത്രി പത്തു മണിയോടെ കുമാരനല്ലൂര്‍ കൊച്ചാലിന്‍ ചുവട്ടിലാണ് സംഭവം. കുമാരനല്ലൂര്‍ പെരുമ്പായിക്കാട് വലിയവീട്ടില്‍ സുധീ സുകുമാറിനാ(32)ണ് ക്രൂര മര്‍ദ്ദനമേറ്റത്. നടുറോഡില്‍ അക്രമി സംഘം പടക്കം പൊട്ടിക്കുന്നതിനിടയിലൂടെ ബൈക്കുമായി കടന്നു പോയതിന്റെ പേരിലാണ് ക്രൂരമായ മര്‍ദനം അരങ്ങേറിയത്. കുമാരനല്ലൂര്‍ കൊച്ചാലിന്‍ ചുവട് ഭാഗത്താണ് പ്ലംബ്ലിങ് ജോലികള്‍ ചെയ്യുന്നയാളാണ് സുധി.
കൊച്ചാലിന്‍ ചുവട്ടിലെ വീട്ടിലായിരുന്നു ക്രിസ്മസ് തലേന്ന് സുധിയ്ക്കു ജോലിയുണ്ടായിരുന്നത്. ക്രിസ്മസിനു മുന്‍പ് ജോലി തീര്‍ക്കുന്നതിന്റെ ഭാഗമായാണ് സുധിയും സുഹൃത്ത് ദീപുവും ഇവിടെ എത്തിയത്. ഈ സമയം പതിനഞ്ചോളം വരുന്ന അക്രമി സംഘം നടു റോഡില്‍ നിന്നു പടക്കം പൊട്ടിക്കുന്നുണ്ടായിരുന്നു. ഈ സമയത്താണ് സുധിയും ദീപുവും ബൈക്കില്‍ ഇതുവഴി എത്തിയത്. ഉറക്കെ അസഭ്യം വിളിച്ചു പറഞ്ഞ്, റോഡിലേയ്ക്കു പടക്കം പൊട്ടിച്ച് വലിച്ചെറിയുകയായിരുന്നു പതിനഞ്ചോളം വരുന്ന ഗുണ്ടാ അക്രമി സംഘം.
ഇതിനിടെ സുധി ഇവര്‍ പടക്കം പൊട്ടിക്കുന്നതിന് അല്‍പം മുന്‍പിലായി ബൈക്ക് നിര്‍ത്തി. ഈ സമയം ഇവിടേയ്ക്ക് ഓടിയെത്തിയ അക്രമി ഗുണ്ടാ സംഘത്തിലെ ഒരാള്‍ കൈ ഉപയോഗിച്ച് സുധിയെ ആക്രമിച്ചു. പിന്നാലെ, ഓരോരുത്തരായി എത്തി പ്രകോപനം ഒന്നുമില്ലാതെ സുധിയെ തലങ്ങും വിലങ്ങും മര്‍ദിക്കുകയായിരുന്നു. സുധിയെ റോഡില്‍ ചവിട്ടി വീഴ്ത്തിയ അക്രമി സംഘം കല്ലും മുളങ്കമ്പും ഉപയോഗിച്ച് ആക്രമിച്ചു.
ആക്രമണം തടയാന്‍ ശ്രമിക്കുന്നിനിടെ സുധിയുടെ സുഹൃത്ത് ദീപുവിനെ ഈ സംഘം വലിച്ച് റോഡിലിട്ടു. തുടര്‍ന്ന് ഇയാളെ കഴുത്തിന് പിടിച്ച് സമീപത്തേയ്ക്കു വലിച്ചെറിഞ്ഞു. എന്നാല്‍, അക്രമി സംഘത്തിന്റെ ചവിട്ടും അടിയുമേറ്റ് റോഡില്‍ വീണു പോയ സുധിയെ നിലത്തിട്ട് സംഘം ചവിട്ടി. തുടര്‍ന്ന് റോഡില്‍ വീണു കിടന്ന സുധിയെ നാട്ടുകാരും ഇതുവഴി എത്തിയ ഇയാളുടെ സുഹൃത്തുക്കളും ചേര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.
ആക്രമണത്തില്‍ സുധിയുടെ മുന്‍വരിയിലെ നാല് പല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. ശരീരമാസകം നീരുവന്ന് വീര്‍ത്തിരിക്കുകയാണ്. പ്രതികള്‍ പ്രദേശവാസികളും കഞ്ചാവ് മാഫിയ സംഘാംഗങ്ങളുമാണെന്ന് സംശയിക്കുന്നതായി സുധി പോലീസിനു മൊഴി നല്‍കി. സുധിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് പത്തു പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.