മലപ്പുറം:കോഴി മുട്ടയുടെ ഉണ്ണിയ്ക്ക് നിറം മാറ്റം അപൂര്‍വ പ്രതിഭാസമെന്ന് വെറ്ററിനറി സര്‍വകലാശാല.മുട്ടയുടെ കരുവിനുണ്ടായ നിറം മാറ്റംപഠനവിഷയമാക്കാൻ ഒരുങ്ങുകയാണ് ഗവേഷകര്‍. മലപ്പുറത്തു നിന്നായിരുന്നു ഇത്തരത്തിലുള്ള വാര്‍ത്ത വന്നത്.
മലപ്പുറത്തെ ഒതുക്കുങ്ങല്‍ ഗാന്ധിനഗറിലെ അമ്പലവന്‍ കുളപ്പുരയ്ക്കല്‍ ശിഹാബിന്റെ വീട്ടില്‍വളര്‍ത്തുന്ന ഏഴുകോഴികള്‍ ഇടുന്ന മുട്ടയുടെ ഉണ്ണി(കരു)ക്കാണ് പച്ചനിറം.
നാടന്‍, കരിങ്കോഴി, ഫാന്‍സി കോഴികള്‍ തുടങ്ങി വിവിധ ഇനത്തിലുള്ള കോഴികളെ ശിഹാബ് വര്‍ഷങ്ങളായി വീട്ടില്‍ വളര്‍ത്തുന്നുണ്ട്. എല്ലാറ്റിനെയും വളര്‍ത്തുന്നത് ഒരിടത്തുതന്നെയാണ്. മാസങ്ങള്‍ക്കുമുന്‍പ് വറുക്കാനായി ഒരു കോഴിമുട്ട പൊട്ടിച്ചപ്പോഴാണ് നിറംമാറ്റം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
കേടാണെന്ന് കരുതി അത് കളഞ്ഞു. എന്നാല്‍ പിന്നീട് ഉണ്ടായ മുട്ടയുടെ കരുവിനും അതേ നിറം. ഇതോടെ എല്ലാ മുട്ടകളും വിരിയിക്കാന്‍ തീരുമാനിച്ചു. വിരിഞ്ഞിറങ്ങിയവ വലുതായി, മുട്ടയിട്ടതോടെ അവയിലെ കരുക്കള്‍ക്കും പച്ചനിറം തന്നെ. ആകെ ഏഴ് കോഴികള്‍ ഇടുന്ന മുട്ടയുടെ കരുവിന് പച്ചനിറം. സംഭവം ചര്‍ച്ചയായതോടെ വിഷയം വെറ്ററിനറി സര്‍വകലാശാല അധികൃതരുടെ അടുത്തെത്തി. കോഴികള്‍ക്ക് നല്‍കുന്ന തീറ്റയില്‍ പച്ചപ്പട്ടാണി(ഗ്രീന്‍പീസ്) കൂടുതലെങ്കില്‍ ഇതിനു സാധ്യതയുണ്ടെന്നാണ് അവരുടെ അഭിപ്രായം.
അതേസമയം ശിഹാബിന്റെ വീട്ടില്‍ ഇതൊന്നും കോഴികള്‍ക്ക് നല്‍കുന്നില്ല. എന്നിട്ടും ഇതിന്റെ നിറംമാറിയത് എങ്ങനെ എന്നു പഠിക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍വകലാശാല അധികൃതര്‍.