മലപ്പുറം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തില്‍ മുന്നില്‍ നില്‍ക്കുന്ന മലപ്പുറം ജില്ല വാക്‌സിനേഷനില്‍ ഏറ്റവും പിന്നില്‍. ജനസംഖ്യയുടെ 16 ശതമാനം പേര്‍ക്കാണ് നിലവില്‍ വാക്‌സിന്‍ ലഭിച്ചത്. സംസ്ഥാനത്ത് ഏറ്റവും കുറവ് ജനസംഖ്യയും കൊവിഡ് രോഗികളുമുള്ള വയനാട് ആണ് ജനസംഖ്യാനുപാതികമായി വാക്‌സിനേഷനില്‍ മുന്നില്‍ നില്‍ക്കുന്നത്.
സംസ്ഥാനത്ത് വാക്‌സിന്‍ ജില്ലകള്‍ക്ക് വിഭജിച്ചു നല്‍കുമ്പോള്‍ ജനസംഖ്യ പരിഗണിക്കാത്തതാണ് മലപ്പുറം ജില്ല വാക്‌സിനേഷനില്‍ പിറകിലാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. നിലവില്‍ സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണം നിലനില്‍ക്കുന്ന ഏക ജില്ല മലപ്പുറമാണ്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊവിഡ് പ്രതിരോധം തീര്‍ക്കുമ്പോഴും വാക്‌സിനേഷന്‍ അടക്കമുള്ള ആരോഗ്യ രംഗത്തെ സൗകര്യങ്ങളിലും ജില്ല പിറകിലാണ്.
160ലധികം കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ ആരംഭിച്ച ജില്ലയില്‍ പിന്നീട് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞു, വാക്‌സിന്‍ ലഭ്യത കുറഞ്ഞതോടെയാണ് വാക്സിനേഷന്‍ സെന്ററുകളുടെ എണ്ണം കുറയാന്‍ കാരണമെന്നാണ് അധികൃതരുടെ അനൗദ്യോഗിക വിശദീകരണം.
43 ലക്ഷത്തോളം ജനസംഖ്യയുള്ള മലപ്പുറം ജില്ലയില്‍ ഇതുവരെ ആകെ നല്‍കിയ കൊവിഡ് ഡോസുകള്‍ 7 ലക്ഷത്തില്‍ താഴെ ആണ്. 34 ലക്ഷം ജനസംഖ്യയുള്ള തിരുവനന്തപുരത്ത് 11 ലക്ഷത്തോളം ഡോസുകള്‍ ഇതിനോടകം നല്‍കി കഴിഞ്ഞു. 9 ലക്ഷം ജനസംഖ്യയുള്ള വയനാട്ടില്‍ 3 ലക്ഷത്തോളവും,13 ലക്ഷം ജനസംഖ്യയുള്ള പത്തനംതിട്ടയില്‍ 5 ലക്ഷത്തിലധികം ഡോസ് വാക്‌സിനും നല്‍കി കഴിഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 22,318 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 3938, തിരുവനന്തപുരം 2545, കൊല്ലം 2368, എറണാകുളം 2237, പാലക്കാട് 2038, തൃശൂര്‍ 1726, കോഴിക്കോട് 1697, ആലപ്പുഴ 1640, കോട്ടയം 1128, കണ്ണൂര്‍ 974, പത്തനംതിട്ട 728, കാസര്‍ഗോഡ് 534, ഇടുക്കി 501, വയനാട് 264 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.