കോഴിക്കോട്:മാങ്കാവ് പാലം അടയ്ക്കുന്നതിനാൽ വാഹന ഗതാഗത നിരോധനം. മീഞ്ചന്ത-അരയിടത്തുപാലം ബൈപ്പാസ് റോഡിലുള്ള മാങ്കാവ് പാലം അറ്റകുറ്റപ്പണികള്‍ക്കായി (മെയ് 30) രാത്രി 10 മുതല്‍ മൂന്ന് ദിവസത്തേക്ക് പൂര്‍ണ്ണമായും അടച്ചിടുകയാണ്.
അതിനാല്‍ കോഴിക്കോട് ഭാഗത്തുനിന്നും രാമനാട്ടുകര വഴി സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര ബസ്സുകള്‍ പുതിയറ ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് അരയിടത്തുപാലം- തൊണ്ടയാട്- പന്തീരങ്കാവ് വഴി രാമനാട്ടുകരയ്ക്ക് പോവേണ്ടതും രാമനാട്ടുകര ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ദീര്‍ഘദൂര ബസ്സുകള്‍ രാമനാട്ടുകര ബസ്സ്റ്റാന്റില് നിന്നും പന്തീരങ്കാവ്- ബിഎസ്എന്‍എല്‍ ജംഗ്ഷന്-മാങ്കാവ് ജംഗ്ഷന്-അരയിടത്തു പാലം വഴി പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കേണ്ടതുമാണ്.
പുതിയ ബസ്റ്റാന്‍ഡില്‍ നിന്നും മാങ്കാവ്-രാമനാട്ടുകര വഴി സര്‍വീസ് നടത്തുന്ന ഹ്രസ്വദൂര ബസ്സുകള്‍ (പരപ്പനങ്ങാടി, കോട്ടക്കടവ് ഭാഗത്തേക്ക്) പാളയം-കല്ലായി-മീഞ്ചന്ത-ചെറുവണ്ണൂര്‍ വഴി പോവേണ്ടതും തിരികെയും ഇതേ റൂട്ടില്‍ സര്‍വീസ് നടത്തേണ്ടതുമാണ്.കോഴിക്കോട് നിന്നും മാങ്കാവ് വഴി മീഞ്ചന്ത, ഫറൂക്ക് ഭാഗത്തേക്ക് പോവേണ്ട മറ്റു വാഹനങ്ങള്‍ പാളയം-കല്ലായി-മീഞ്ചന്ത വഴിയും കോഴിക്കോട് നിന്നും രാമനാട്ടുകര ഭാഗത്തേക്ക് പോവേണ്ട മറ്റു വാഹനങ്ങള്‍ തൊണ്ടയാട്-പന്തീരങ്കാവ് വഴിയും പോകണം.
കോഴിക്കോട്-പന്തീരങ്കാവ് ബൈപ്പാസ് റോഡില്‍ ഗതാഗത കുരുക്ക് ഉണ്ടാവാന്‍ ഇടയുള്ളതിനാല്‍ കോഴിക്കോട് സിറ്റിയുടെ വടക്ക് ഭാഗത്തു നിന്നും കോഴിക്കോട് എയര്‍പോര്‍ട്ടിലേക്ക് പോവേണ്ട വാഹനങ്ങള്‍ തൊണ്ടയാട്- മെഡിക്കല്‍കോളേജ്- എടവണ്ണപ്പാറ വഴി ഉപയോഗപ്പെടുത്തണമെന്ന് സിറ്റി ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.