
ഭോപ്പാല്‍: ഇന്ത്യന്‍ സംസ്ഥാനങ്ങൾ വിദേശ നിക്ഷേപം ക്ഷണിക്കുന്ന തിരക്കിലാണ്. ഓരോ സംസ്ഥാനവും വ്യത്യസ്ത ആഗോള നിക്ഷേപക ഉച്ചകോടികളുമായി മുന്നോട്ട് പോകുന്നു. കേരളത്തിലെ നിക്ഷേപക ഉച്ചകോടിക്ക് പിന്നാലെയാണ് മധ്യപ്രദേശ് തങ്ങളുടെ ആഗോള നിക്ഷേപ ഉച്ചകോടി ആരംഭിച്ചത്. ഭോപാലില്‍ വച്ച് നടക്കുന്ന നിക്ഷേപക ഉച്ചകോടി പക്ഷേ, രാജ്യത്തിന് തന്നെ നാണക്കേടായെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. അതിന് കാരണമായതാകട്ടെ ഉച്ചകോടിയുടെ രണ്ടാം ദിനം ഉച്ചഭക്ഷണത്തിനായി പ്രതിനിധികൾ നടത്തിയ അടിയും.
സമൂഹ മാധ്യമങ്ങളില്‍ ഇതിന്‍റെ വീഡിയോകൾ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. ഉച്ചഭക്ഷണത്തിനായെത്തിയ പ്രതിനിധികൾ ഭക്ഷണ പാത്രങ്ങൾ സ്വന്തമാക്കുന്നതിനായി തിക്കും തിരക്കും കൂട്ടുന്നതും ഇതിനിടെ പ്ലേറ്റുകൾ താഴെ വീണ് പൊട്ടിത്തെറിക്കുന്നതും വീഡിയോയിൽ കാണാം. മധ്യപ്രദേശ് നിക്ഷേപ ഉച്ചകോടിയുടെ എട്ടാമത് പതിപ്പിന്‍റെ രണ്ടാം ദിവസമാണ് അസാധാരണമായ സംഭവങ്ങൾ അരങ്ങേറിയത്.
വീഡിയോ വൈറലായതോടെ പരിപാടിയിൽ ഇന്ത്യയിലെ ചില മുൻനിര വ്യവസായികളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തിരുന്നുവെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. അതേസമയം ഇത്രയും പ്രധാനപ്പെട്ട പരിപാടിക്ക് ഒരു ക്രമീകരണവും ഉണ്ടായിരുന്നില്ലേയെന്ന് ചിലര്‍ ചോദിച്ചു. പ്ലേറ്റിന് വേണ്ടി പിടിവലി നടത്തുന്നവരും ഭക്ഷണ പാത്രത്തില്‍ കൈയിട്ട് വാരുന്നവരെയും വീഡിയോയില്‍ കാണാം.
‘എംപി നിക്ഷേപക പരിപാടിയുടെ ഉച്ചഭക്ഷണം വാങ്ങാൻ വ്യാജ ‘നിക്ഷേപകരുടെ’ തിരക്ക്, ബാർ ഫംഗ്ഷനുകളിലെ ഭക്ഷണ സ്റ്റാളുകളിൽ അഭിഭാഷകർ തിരക്കുകൂട്ടുന്നതിനെ ഇത് ഓർമ്മപ്പെടുത്തുന്നു’ ഒരു കാഴ്ചക്കാരന്‍ എഴുതി. ‘എംപി നിക്ഷേപക ഉച്ചകോടിയിൽ നഗര വിദ്വേഷം പ്രദർശിപ്പിച്ചിരിക്കുന്നു. വൈകാതെ, നേതാക്കളും പ്രവര്‍ത്തകരും കമ്മീഷന്‍റെ വിഹിതത്തിനായി പോരാടും.’ മറ്റൊരു കാഴ്ചക്കാരന്‍ എഴുതി.
ഞാൻ വിവിധ ഉച്ചകോടികളിൽ പങ്കെടുത്തിട്ടുണ്ട്, പക്ഷേ മധ്യപ്രദേശിൽ നടന്ന ആഗോള നിക്ഷേപക ഉച്ചകോടിയിലെ ഈ ദൃശ്യങ്ങൾ വളരെ രസകരമാണ്… എല്ലാവരും ഉച്ചഭക്ഷണത്തിനായി പോരാടുകയാണ്’ വേറൊരു കാഴ്ചക്കാരന്‍ കുറിച്ചു. സംഗതി ഭക്ഷണത്തിന് വേണ്ടി അടി നടന്നെങ്കിലും രണ്ട് ദിസവത്തെ നിക്ഷേപക ഉച്ചകോടിയില്‍ 30.77 ലക്ഷം കോടിയുടെ റെക്കോർഡ് നിക്ഷേപ വാഗ്ദാനം ലഭിച്ചതായി മുഖ്യമന്ത്രി മോഹൻ യാദവ് അറിയിച്ചു.