ചെന്നൈ:ടോളിവുഡിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ അത്ഭുത സംവിധായകനാണ് ലോകേഷ് കനകരാജ് മാനഗരം, കൈതി, മാസ്‌റ്റർ, വിക്രം ഇത്രയും സിനിമകളുടെ പേര് പറയുമ്പോഴേ മനസിലേക്ക് ഓടിയെത്തുന്ന ചിത്രം സംവിധായകൻ ലോകേഷ് കനകരാജിന്റേതാവും. കൈവെച്ച എല്ലാ സിനിമകളും തന്റേതായ ശൈലിയിൽ ഹിറ്റാക്കിമാറ്റിയ സംവിധാനയകന് മലയളാകൾ ഉൾപ്പടെയുള്ളവരുടെ മനസിൽ പ്രത്യേക സ്ഥാനമാണുള്ളത്. വിജയ് നായകനായ ലിയോ സിനിമയാണ് ലോകേഷിന്റേതായി ഇനി തീയേറ്ററുകളിൽ എത്താനുള്ളത്.
വിക്രത്തിലൂടെ സൃഷ്‌ടിച്ച മായാജാലം വിജയിയുടെ ചിത്രത്തിലൂടെയും പ്രേക്ഷകർ കാത്തിരിക്കുകയാണ്. ഇതിനോടകം ക്യാരക്‌ടർ അൺവീലിങ് നടത്തി സോഷ്യൽ മീഡിയയിൽ ട്രെൻഡാവുന്ന ലിയോയ്ക്കൊപ്പം ലോകേഷിന്റെ പുതിയൊരു സന്തോഷം കൂടി വൈറലായി മാറിയിരിക്കുകയാണ്. എന്തെന്നല്ലേ, ഹിറ്റ് സംവിധായകൻ വാങ്ങിയ പുത്തൻ കാർ തന്നെയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ സംസാര വിഷയം. ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാനായ 7 സീരീസാണ് ഡയറക്‌ടർ സ്വന്തമാക്കിയിരിക്കുന്നത്.
കോളിവുഡിന്റെ ഹിറ്റ് മേക്കർ ലോകേഷ് കനകരാജിന്റെ പുതിയ വാഹനത്തിന്റെ വില തന്നെയാണ് ഏറ്റവും വലിയ ഹൈലൈറ്റ്. 1.70 കോടി രൂപ എക്സ്ഷോറൂം വില വരുന്ന ബിഎംഡബ്ലു 7 സീരീസിന് ഏതാണ്ട് 2.14 കോടി രൂപയോളമാണ് കേരളത്തിലെ ഓൺ-റോഡ് വില വരുന്നത്. ഈ വർഷം ജനുവരിയിലാണ് ബിഎംഡബ്ല്യു 7 സീരിസിന്റെ പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.
ഒരുപാട് ആഡംബര ഫീച്ചറുകൾക്കൊപ്പം സേഫ്റ്റിയുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധകൊടുത്താണ് ഈ കാറിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. സിനിമാ രംഗത്തെ ട്രെൻഡിംഗ് കാറായാണ് ഇപ്പോൾ ബിഎംഡബ്ല്യു 7 സീരീസ് അറിയപ്പെടുന്നത്. മലയാളത്തിൽ തന്നെ ഫഹദ് ഫാസിലും, ആസിഫ് അലിയും പോലുള്ളവർ ഇതിനോടകം തന്നെ ഈ വിലപിടിപ്പുള്ള ലക്ഷ്വറി സെഡാൻ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ് സിനിമാ മേഖലയിലേക്കും ഈ ജർമൻ കാർ കടന്നുവരുന്നത്.
ലോകേഷ് കനകരാജിന്റെ ഗരാജിലെ ഏറ്റവും വില കൂടിയ വാഹനമാണ് ഇപ്പോൾ വാങ്ങിയ ബിഎംഡബ്ല്യു 7 സീരിസ്. നേരത്തെ വിക്രത്തിന്റെ മെഗാവിജയത്തിനു ശേഷം ചിത്രത്തിന്റെ നടനും നിർമാതാവുമായ കമൽ ഹാസൻ ലോകേഷിന് ലെക്‌സസിന്റെ ഒരു ആഡംബര കാർ സമ്മാനമായി നൽകിയിരുന്നു. ഇതിനു പുറമെയാണ് ഈ ജർമൻ കാർ കൂടി സംവിധായകന്റെ യാത്രകൾക്ക് നിറമേകാനായി കൂടെക്കൂട്ടിയിരിക്കുന്നത്.
ഇനി വാഹനത്തിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക് വന്നാൽ ചെന്നൈയിലെ ബിഎംഡബ്ല്യു ഗ്രൂപ്പ് പ്ലാന്റിലാണ് ആഡംബര സെഡാൻ പ്രാദേശികമായി നിർമിക്കപ്പെടുന്നത്. 3.0 ലിറ്റർ, ഇൻലൈൻ-ആറ് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് 7 സീരീസ് സെഡാന്റെ 740i M സ്‌പോർട്ട് വേരിയന്റിന് തുടിപ്പേകുന്നത്. കൂടുതൽ കാര്യക്ഷമതക്കായി ഹൈബ്രിഡ് സംവിധാനവും കോർത്തിണക്കിയിരിക്കുന്ന എഞ്ചിന് 48V ഇലക്ട്രിക് മോട്ടറിന്റെ സഹായത്തോടെ 375.4 bhp പവറിൽ 520 Nm torque വരെ നിർമിക്കാനാവും.
എട്ടു സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 0-100 വേഗത വെറും 5.4 സെക്കൻഡിൽ എത്തിപ്പിടിക്കാനാവും. അതേസമയം ബിഎംഡബ്ല്യുവിന്റെ ഈ അൾട്രാ ലക്ഷ്വറി സെഡാന് മണിക്കൂറിൽ പരമാവധി 250 കിലോമീറ്റർ വരെ വേഗത പുറത്തെടുക്കാനുമാവും. ഇതിനായി ബിഎംഡബ്ല്യുവിന്റെ xDrive AWD സിസ്റ്റവും കമ്പനി കാറിൽ ഉപയോഗിച്ചിട്ടുണ്ട്.
സുരക്ഷയുടെ കാര്യത്തിലേക്ക് വന്നാലും വാഹനം വേറെ ലെവലാണെന്ന് തെളിച്ചിട്ടുണ്ട്. ബിഎംഡബ്ല്യുവിന്റെ CLAR പ്ലാറ്റ്‌ഫോമിന്റെ വളരെയധികം പരിഷ്‌ക്കരിച്ച പതിപ്പിലാണ് വാഹനത്തെ നിർമിച്ചെടുത്തിരിക്കുന്നത് എന്നതിനാൽ തന്നെ 7 സീരീസിന് അഡാപ്റ്റീവ് എയർ സസ്‌പെൻഷനും ഇലക്ട്രോണിക് നിയന്ത്രിത ഡാംപറുകളും സ്റ്റാൻഡേർഡായി തന്നെ ലഭിക്കുന്നുണ്ട്. ഇതുകൂടാതെ ഒറു ആഡംബര വാഹനത്തിൽ പ്രതീക്ഷിക്കാവുന്ന എല്ലാത്തരം സുരക്ഷാ ഫീച്ചറുകളും ഇതിലുണ്ട്.
ടയറിലെ വായു പൂര്‍ണമായും നഷ്ടമായാല്‍ പോലും മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ പ്രാപ്തമാക്കുന്ന പ്രത്യേകതരം ടയറുകളാണ് ബിഎംഡബ്ല്യു 7 സീരീസിൽ ഉപയോഗിച്ചിരിക്കുന്നത്. ഇൻ്റീരിയർ ഫീച്ചറുകളുടെ കാര്യത്തിലും അതിസമ്പന്നമാണ് ഈ സെഡാൻ മോഡൽ. ബിഎംഡബ്ല്യുവിന്റെ പുതിയ കർവ്‌ഡ് ഡിസ്പ്ലേയാണ് പ്രത്യേകത. 14.9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായും 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായും ലഭിക്കും.
16:9 ഇഞ്ച് ആമസോൺ ഫയർടിവി വഴി വീഡിയോ സ്ട്രീമിംഗ് വാഗ്ദാനം ചെയ്യുന്നതിനായി 31.3 ഇഞ്ച്, 8K സിനിമാ സ്‌ക്രീൻ, റിയർ ഡോർ പാഡുകളിലെ 5.5 ഇഞ്ച് ടച്ച്‌സ്‌ക്രീനുകൾ, സോഫ്റ്റ് ക്ലോസിംഗ് ഡോറുകൾ, എൽഇഡി ലൈറ്റിംഗ് ഘടകങ്ങളുള്ള പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, ഗിയർ സെലക്ടർ, പരമ്പരാഗത റോട്ടറി ഐഡ്രൈവ് കൺട്രോളർ, ടച്ച് സെൻസിറ്റീവ് കൺട്രോൾ എന്നിവയുള്ള ഒരു കൺട്രോൾ പാനൽ എന്നിവയെല്ലാം ലോക്കിയുടെ പുത്തൻ കാറിന്റെ സവിശേഷതകളാണ്.