തിരുവനന്തപുരം:കോവിഡിന്റെ മറവില്‍ അമിതമായ ബില്ല് അടിച്ചേല്പിയ്ക്കുന്നുവെന്നാരോപിച്ച് യു ഡി എഫിന്റെ ആഭിമുഖ്യത്തില്‍ ഇന്നു ( 17-6-2020, ബുധനാഴ്ച) നടക്കുന്ന ‘ലൈറ്റ്സ് ഓഫ് കേരള’ എന്ന സമരപരിപാടി അനുസരിച്ച് രാത്രി ഒമ്പത് മണിക്ക് മൂന്ന് മിനിറ്റ് നേരം എല്ലാവരും വൈദ്യുതി വിളക്കുകള്‍ കെടുത്തി പ്രതിഷേധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭ്യര്‍ത്ഥിച്ചു.
അമിത ബില്ലുകള്‍ സംബന്ധിച്ച് ഏകദേശം രണ്ട് ലക്ഷത്തോളം പരാതികള്‍ വൈദ്യുതി ബോര്‍ഡിന് ലഭിച്ചിട്ടും 5000 പരാതികളില്‍ മാത്രമാണ് വസ്തുതയുള്ളത് എന്നാണ് വൈദ്യുതി ബോര്‍ഡ് പറയുന്നത്. ഇത് പകല്‍ കൊള്ളയാണ്. ഈ കൊള്ളയടി അവസാനിപ്പിക്കണമെന്ന നിര്‍ദേശം കൊടുക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
വൈദ്യുതി ബോര്‍ഡിന്റെ അമിതമായ ചാര്‍ജ്ജ് വര്‍ധനവ് എല്ലാ വിഭാഗം ജനങ്ങളെയും വലച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് ശരിയല്ല. വൈദ്യുതി ബോര്‍ഡ് നീതീകരണമില്ലാത്ത നിലപാടുമായിട്ടാണ് മുന്നോട്ട് പോകുന്നത്. അതില്‍ പ്രതിഷേധിക്കാന്‍ വേണ്ടിയാണ് യു ഡി എഫ് ലൈറ്റ്സ് ഓഫ് കേരള എന്ന പരിപാടി സംഘടിപ്പിക്കുന്നത്.
സാധാരണ വരുന്ന ബില്ലിന്റെ പല മടങ്ങ് തുകയ്ക്കുള്ള ബില്ലാണ് വൈദ്യുതി ബോര്‍ഡ് വ്യാപകമായി ഈ കോവിഡ് കാലത്ത് നല്‍കിയിരിക്കുന്നത്. മിക്കവര്‍ക്കും താങ്ങാന്‍ കഴിയുന്നതിനപ്പുറമുള്ളതാണ് ഈ ബില്ലുകള്‍.
രണ്ടോ മൂന്നോ ലൈറ്റുകളും ഒരു ടിവിയും മാത്രമുള്ള വീടുകള്‍ക്ക് പോലും ആയിരക്കണക്കിന് രൂപയുടെ ബില്ലാണ് നല്‍കിയിരിക്കുന്നത്.
കോവിഡ് കാലത്ത് റീഡിംഗ് എടുക്കാന്‍ കഴിയാത്തതിനാല്‍ ഒന്നിച്ച് റീഡിംഗ് എടുക്കുമ്പോള്‍ സ്‌ളാബില്‍ വരുന്ന വ്യത്യാസം കാരണമാണ് തുക കുതിച്ചുയരുന്നത്. റീഡിംഗ് എടുക്കാന്‍ കഴിയാതിരുന്നത് ഉപഭോക്താക്കളെ കൊള്ളയടിക്കുന്നതിനുള്ള അവസരമാക്കി മാറ്റുകയാണ് വൈദ്യുതി ബോര്‍ഡ് ചെയ്തത്. റീഡിംഗ് എടുക്കാന്‍ വൈദ്യുതി ബോര്‍ഡിന് കഴിയാതെ പോയതിന്റെ പിഴ സാധാരണക്കാരുടെ മേല്‍ അടിച്ചേല്പിക്കരുത്. അമിത ബില്ല് പിന്‍വലിക്കുക തന്നെ വേണം.
ഇതിനെക്കുറിച്ച് വ്യാപകമായി പരാതി ഉയര്‍ന്നിട്ടും തെറ്റുതിരുത്താന്‍ വൈദ്യുതി ബോര്‍ഡോ സര്‍ക്കാരോ തയ്യാറായിട്ടില്ല. പകരം പലവിധ ന്യായീകരണങ്ങളുമായി ബോര്‍ഡ് രംഗത്തെത്തിയിരിക്കുകയാണ്.
ഈ പശ്ചാത്തലത്തില്‍ ഇന്നു രാത്രി 9 മണിക്ക് കേരളത്തിലെ എല്ലാ വീട്ടുകാരും മൂന്നുമിനിട്ട് വൈദ്യുത വിളക്കുകള്‍ അണച്ച് വൈദ്യുത ബോര്‍ഡിനും സര്‍ക്കാരിനും ശക്തമായ താക്കീത് നല്‍കണം. ഈ സമരം യു.ഡി.എഫിന്റെത് മാത്രമല്ല, എല്ലാ വിഭാഗം ജനങ്ങളുടേതുമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.