തൊടുപുഴ: തൊടുപുഴ നഗരസഭാ ഭരണംനിലനിര്ത്തി എല്‍ഡിഎഫ്. അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് കൗണ്‍സിലര്‍മാര്‍ സിപിഎം സ്ഥാനാര്‍ഥിയെ പിന്തുണച്ചതോടെയാണ് എല്‍ഡിഎഫിന് ഭരണം നിലനിര്‍ത്താനായത്. സിപിഎം കൗണ്‍സിലര്‍ സബീന ബിഞ്ചുവിനെ ചെയര്‍പേഴ്ണായി തിരഞ്ഞെടുത്തു.
കൈക്കൂലിക്കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് ചെയര്‍മാനായിരുന്ന സനീഷ് ജോര്‍ജ് രാജിവെച്ചതിനാലാണ് പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത്. കൗണ്‍സിലില്‍ 13 പേരുടെ അംഗബലമുള്ള യു.ഡി.എഫില്‍നിന്ന് ചെയര്മാന് തിരഞ്ഞെടുക്കപ്പെടാനായിരുന്നു സാധ്യത. യു.ഡി.എഫില്‍ കോണ്‍ഗ്രസും മുസ്ലീംലീഗും ചെയര്മാന് സ്ഥാനത്തിനായി തര്‍ക്കമുണ്ടായി.
കോണ്‍ഗ്രസില്‍നിന്ന് കെ. ദീപക്കിനെയും മുസ്ലീംലീഗില്‍നിന്ന് എം.എ.കരീമിനെയും അവരവരുടെ പാര്‍ലമെന്ററി പാര്‍ട്ടികള്‍ തിരഞ്ഞെടുത്തിരുന്നു. സമവായത്തിനായി യു.ഡി.എഫ്. നേതാക്കള്‍ രാത്രി വൈകിയും ചര്‍ച്ച നടത്തിയിരുന്നു. 16 മാസം മാത്രമാണ് അവശേഷിക്കുന്ന ഭരണകാലാവധി.
സമവായമുണ്ടാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സിപിഎം സ്ഥാനാര്‍ഥി സബീന ബിഞ്ചുവിന് ലീഗിലെ ആറില്‍ അഞ്ച് അംഗങ്ങളും വോട്ട് ചെയ്തു. ഇതോടെ 14 വോട്ടുകള്‍ നേടി സബീന തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന എം.എ.കരീമിന് പത്ത് വോട്ടുകളാണ് ലഭിച്ചത്.