
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ പോലീസ് സ്റ്റേഷന് സമീപം ബസ്സിൽ യുവതിയെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ, വിഷയത്തിൽ പ്രതികരിച്ച് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ‘നിർഭയ’ സംഭവത്തെ തുടർന്ന് നിയമത്തിൽ പല മാറ്റങ്ങളും വരുത്തിയെന്നും എന്നാൽ ഈ നിയമങ്ങൾകൊണ്ട് മാത്രം ഇത്തരം സംഭവങ്ങൾ തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘സമൂഹത്തിന് വലിയ ഉത്തരവാദിത്വമുണ്ട്. ഇതിനുപുറമെ, സ്ത്രീകൾക്കായി ഉണ്ടാക്കിയ നിയമങ്ങൾ കൃത്യമായ രീതിയിൽ നടപ്പാക്കുകയും വേണം. എവിടെ പോയാലും സ്ത്രീകൾക്ക് സുരക്ഷ അനുഭവപ്പെടണം. ഇത്തരം കേസുകളിൽ കൃത്യമായ അന്വേഷണം, ശക്തമായ നടപടി എന്നിവയ്ക്കു പുറമേ വേഗത്തിലുള്ള വിചാരണയും ശിക്ഷയും ഉറപ്പാക്കുകയും വേണം. ഇത് സാധ്യമാക്കാൻ ഭരണസംവിധാനങ്ങൾക്കും പോലീസിനും വലിയ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പോലീസ് സ്റ്റേഷനിൽ നിന്നും 100 മീറ്റർ മാത്രം അകലെയുള്ള പുണെയിലെ സ്വർഗേറ്റ് ബസ് സ്റ്റാൻഡിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു യുവതിക്കെതിരേ അതിക്രമം നടന്നത്. നിർത്തിയിട്ടിരുന്ന ബസ് സർവീസ് നടത്തുന്നതാണെന്ന് തെറ്റിധരിപ്പിച്ച് വാഹനത്തിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. സ്വന്തം ഗ്രാമമായ സത്താറ ജില്ലയിലെ ഫാൽടണിലേക്ക് പോകുന്നതിനായാണ് 26കാരിയായ യുവതി ബസ് സ്റ്റാൻഡിലെത്തിയത്.
പ്രതിയായ യുവാവ് യുവതിയോട് എവിടേയ്ക്കാണ് പോകുന്നതെന്ന് ആരായുകയും ലക്ഷ്യ സ്ഥാനത്തേക്കാണ് ബസെന്ന് കള്ളം പറയുകയും ചെയ്തു. വാഹനത്തിൽ വെളിച്ചമില്ലാത്തത് യുവതി ചോദ്യം ചെയ്തെങ്കിലും യാത്രക്കാർ ഉറങ്ങുന്നതിനാൽ ലൈറ്റുകൾ ഓഫ് ചെയ്തിരിക്കുകയാണെന്ന് വിശ്വസിപ്പിച്ചു. യുവതി ബസിനുള്ളിൽ കയറിയതും യുവാവ് ഡോർ അടച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
യുവതി അടുത്ത ബസിൽ കയറി യാത്രയ്ക്കിടയിൽ സുഹൃത്തിനോട് പീഡനവിവരം വെളിപ്പെടുത്തി. സുഹൃത്തിന്റെ നിർദേശ പ്രകാരം യുവതി പോലീസിൽ പരാതി നൽകി. പ്രാഥമിക പരിശോധനയിൽ പ്രതിയായ യുവാവ് യുവതിയോട് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ ഏറ്റവും വലിയ ബസ് സ്റ്റാൻഡിലാണ് കുറ്റകൃത്യം നടന്നത്. പ്രതിയെ പിടികൂടുന്നതിനായി പോലീസ് എട്ട് പ്രത്യേക സംഘങ്ങൾ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. പ്രതി ക്രമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്നാണ് വിവരം. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.