സീതത്തോട് :ശനിയാഴ്ച ഉരുൾപൊട്ടലുണ്ടായി നാശംവിതച്ച കോട്ടമൺപാറയിൽ വീണ്ടും ഉരുൾപൊട്ടൽ. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് വീണ്ടും ഉരുൾപൊട്ടലുണ്ടായതായി കരുതുന്നത്. കഴിഞ്ഞ ദിവസം മലവെള്ളം ഒഴുകിയെത്തിയ അതേ തോട്ടിലാണ് വീണ്ടും ശക്തമായ വെള്ളപ്പാച്ചിലുണ്ടായത്. വനത്തിനുള്ളിലെവിടെയോ ആണ് ഉരുൾപൊട്ടലുണ്ടായതായി കരുതപ്പെടുന്നത്. സന്ധ്യവരെ സാധാരണനിലയിൽ ഒഴുകിയിരുന്ന അടിയാൻകാല തോട്ടിൽ ഏഴുമണിയോടെ വലിയ ശബ്ദത്തിൽ കല്ലും വെള്ളവുമെല്ലാം ഒഴുകിയെത്തുകയാണുണ്ടായത്. എന്നാൽ വലിയ നാശനഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ലെന്നാണ് ലഭ്യമായ വിവരം.
രാത്രി വൈകിയതിനാൽ ഉരുൾപൊട്ടലുണ്ടായ സ്ഥലം കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം ഉരുൾപൊട്ടലുണ്ടായ അതേ നിലയിലാണ് വെള്ളം കുത്തിയൊലിച്ചെത്തിയത്. ഈ വഴിയുള്ള തോട് കരകവിഞ്ഞ് സമീപ സ്ഥലങ്ങളിലെ കൃഷിയിടങ്ങളിലൂടെയെല്ലാം വെള്ളം ഒഴുകി മറിയുകയായിരുന്നു. ഇതേ തുടർന്ന് കക്കാട്ടാറിലും ജലനിരപ്പ് കൂടി,
ശനിയാഴ്ച ഉണ്ടായ ഉരുൾപൊട്ടലിൽ കാർ ഒലിച്ചുപോയ ലക്ഷ്മി ഭവനിൽ സഞ്ജയന്റെ വീട്ടുപടിക്കിൽ വീണ്ടും വെള്ളംകയറി. ഇവിടെ നിർത്തിയിട്ടിരുന്ന ഇദ്ദേഹത്തിന്റെ ജീപ്പ് നാട്ടുകാർ വലിയ വടം കെട്ടി ഉറപ്പിച്ചതിനാലാണ് ഒഴുക്കിൽപ്പെടാതെ പോയത്. ശനിയാഴ്ച ഈ ജീപ്പിനൊപ്പമുണ്ടായിരുന്ന കാറാണ് ഒഴുക്കിൽപ്പെട്ട് പോയത്. അന്ന് ജീപ്പിന് മുകളിലൂടെ വെള്ളം ഒഴുകി മറിഞ്ഞെങ്കിലും ജീപ്പ് ഒഴുകിപ്പോയില്ല. ശനിയാഴ്ചത്തെ മലവെള്ളപ്പാച്ചിൽ ജീപ്പിന് കേടുപാട് സംഭവിച്ചിരുന്നു. ഒഴുക്കിൽപ്പെട്ട കാർ ഇനിയും കണ്ടെത്തിയിട്ടില്ല. രാത്രി വീണ്ടും ഉരുൾപൊട്ടലുണ്ടായതായി വിവരം ലഭിച്ചതോടെ സമീപ പ്രദേശങ്ങളിൽനിന്നെല്ലാം ആളുകൾ ഇവിടെ തടിച്ചുകൂടിയിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാർ ജീപ്പ് ഒഴുക്കിൽ പ്പെടാതെ സംരക്ഷിക്കുകയായിരുന്നു.
രാജാമ്പാറ വനമേഖലയുടെ മറുവശമാണ് കോട്ടമൺപാറയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലം. തിങ്കളാഴ്ച രാത്രി വനമേഖലയിൽ എവിടെയോ വീണ്ടും ഉരുൾപൊട്ടലുണ്ടായതാണ് മലവെള്ളം ഒഴുകിയെത്താനിടയാക്കിയത്. വെള്ളത്തിനൊപ്പം വലിയ പാറക്കല്ലുകൾകൂടി ഉള്ളതിനാൽ സ്ഥലത്തേക്ക് കടന്നുചെല്ലാൻ പറ്റാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് മുതൽ ഈ പ്രദേശത്ത് മഴ ശക്തമായിരുന്നു.
ഉരുൾപൊട്ടലുണ്ടായതായി കരുതുന്ന കോട്ടമൺപാറ പ്രദേശം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലവും കാർഷിക മേഖലയുമാണ്. രാത്രി വൈകിയും തോട്ടിൽ ശക്തമായ ഒഴുക്ക് തുടരുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.