കോതനല്ലൂരില്‍ വീടിനു മുന്നില്‍ യുവാക്കള്‍ ഏറ്റുമുട്ടി,അന്വേഷിയ്ക്കാനിറങ്ങിയ ഗൃഹനാഥനെ ഹെല്‍മെറ്റിന് അടിച്ചുവീഴ്ത്തി

കോട്ടയം : വീടിനു മുന്നില്‍ യുവാക്കള്‍ പരസ്പരം പോരടിച്ചപ്പോള്‍ അന്വേഷിയ്ക്കാനെത്തിയ ഗൃഹനാഥന് ക്രൂര മര്‍ദ്ദനം . യുവാക്കള്‍ ഗൃഹനാഥനെ ഹെല്‍മറ്റിനു അടിച്ചു വീഴ്ത്തി. കോട്ടയം കോതനല്ലൂര്‍ കിഴക്കേ പട്ടമന കെ ജെ മാത്യു ( തങ്കച്ചന്‍-52) വിനാണ് ക്രൂര മര്‍ദനമേറ്റത്. ഇദ്ദേഹത്തിന്റെ ഇടതു ചെവിക്കു ഗുരുതരമായി പരിക്കേറ്റു. ചെവിക്കു മുറിവേറ്റ് ചോര വാര്‍ന്ന മാത്യുവിനെ മുട്ടുചിറ എച്ച് ജി എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെവിക്കു നാലു തുന്നലുണ്ട്. മാത്യുവിനെ ആക്രമിച്ച യുവാക്കള്‍ കടന്നുകളഞ്ഞു.

മാത്യുവിന്റെ വീടിന് മുന്നില്‍ രാത്രി ഏഴ് മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ വീടിന് മുന്നില്‍ ചീത്ത വിളിക്കുകയും ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ഇത് അന്വേഷിക്കാന്‍ എത്തിയ മാത്യുവിനെ യുവാക്കള്‍ ഹെല്‍മറ്റിന് അടിച്ചു വീഴ്ത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കോതനല്ലൂര്‍ ചാമക്കാല റോഡില്‍ സ്ഥിരമായി യുവാക്കളുടെ സംഘം നാട്ടുകാര്‍ക്ക് ശല്യമുണ്ടാക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. വീടിനു മുന്‍പില്‍ നിന്ന് വീടുകളുടെയും കുടുംബാംഗങ്ങളുടെയും ദൃശ്യം മൊബൈലില്‍ പകര്‍ത്തിയ സംഭവം മുന്‍പ് ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു. കടുത്തുരുത്തി പൊലീസ് കേസെടുത്തു