35.2 C
Kottayam
Wednesday, April 24, 2024

കോടികള്‍ വിലമതിയ്ക്കുന്ന തറവാട് സ്വന്തമാക്കാന്‍ കൂട്ടക്കൊല,ഏഴുമരണങ്ങളില്‍ ദുരൂഹത മണത്ത് പോലീസ്,കൂടത്തായിയ്ക്ക് പിന്നാലെ കൂടത്തറയിലെ അന്വേഷണ നാള്‍വഴിയിലൂടെ

Must read

തിരുവനന്തപുരം: കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചായിരുന്നു കൂടത്തായി പരമ്പര കൊലപാതക കേസിന്റെ ചുരുളുകള്‍ ഓരോന്നായി അഴിഞ്ഞത്.ഇപ്പോള്‍ അതേ അക്ഷരങ്ങളില്‍ ആംരഭിയ്ക്കുന്ന കരമന കൂടത്തറയും ജനങ്ങളെ ഞെട്ടിയ്ക്കുകയാണ്. ഏഴുപേരുടെ മരണം സംബന്ധിച്ച നിഗൂഡതകള്‍ പുറത്തുവന്നത് ഇന്നാണെങ്കിലും പോലീസ് കേസിന് പുറകെ കൂടിയിട്ട് മൂന്നുമാസം പിന്നിടുന്നു.സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് കേസിന്റെ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചത്.താലൂക്ക് ഓഫീസിലെ ജീവനക്കാരനായി വേഷം കെട്ടിയും താടിവളര്‍ത്തി വേഷവിധാനങ്ങള്‍ മാറ്റിയുമൊക്കെയാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ പരാതിക്കാരുടെയും ആരോപണ വിധേയരുടെയുമൊക്കെ അടുത്തെത്തിയത്. മൊഴികളില്‍ പൊരുത്തകേടു കണ്ടെത്തിയതോടെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ടും നല്‍കി. ഇവിടെ നിന്നുമായിരുന്നു യഥാര്‍ത്ഥത്തില്‍ കേസിന്റെ തുടക്കം.

ആദൃഘട്ടത്തില്‍ അന്വേഷണം ശരവേഗത്തില്‍ മുന്നോട്ടു നീങ്ങിയെങ്കിലും പിന്നീട് പതിവുപോലെ ഇഴഞ്ഞു തുടങ്ങി. ഇതിനിടെ കൂടത്തായി കൂട്ടക്കൊലയുടെ വിവരങ്ങളും പുറത്തു വന്നു.അന്വേഷണം ജനശ്രദ്ധയാകര്‍ഷിയ്ക്കപ്പെട്ടതോടെ ഫയലുകള്‍ പൊടിതട്ടിയെടുത്തു.സംഭവത്തേക്കുറിച്ച് നാട്ടില്‍ സംസാരം ആരംഭിച്ചതോടെയാണ് സ്‌പെഷ്യല്‍ബ്രാഞ്ച് ഇക്കാര്യം ശ്രദ്ധിച്ചത്. ഇതേ സമയത്തു തന്നെ പരാതിക്കാരനായ അനില്‍കുമാര്‍ മുഖ്യമന്ത്രിയ്ക്കും ഡി.ജി.പിയ്ക്കും നിവേദനവും നല്‍കിയിരുന്നു.

പൊലീസ് ആസ്ഥാനത്തുനിന്ന് അന്വേഷിക്കാന്‍ നിര്‍ദേശം ലഭിച്ചതോടെ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നാട്ടുകാരില്‍നിന്ന് രഹസ്യമായി വിവരങ്ങള്‍ ശേഖരിച്ചു. അവസാനം മരിച്ച ജയമാധവന്റെ നെറ്റിയില്‍ മുറിവേറ്റ പാടുണ്ടായിരുന്നെന്ന വിവരം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. കട്ടിലില്‍നിന്നു വീണതോ കതകില്‍ തലയിടിച്ചതോ ആകാമെന്നു വീടിനോട് അടുപ്പമുള്ളവര്‍ പറഞ്ഞെങ്കിലും നാട്ടുകാരില്‍ ചിലര്‍ക്ക് സംശയം ഉണ്ടായിരുന്നു. വീട്ടിലെ സഹായിയായിരുന്ന രവീന്ദ്രന്‍നായര്‍ക്കുനേരെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്.

ജയമാധവന്‍നായര്‍ മരിച്ചപ്പോള്‍ രവീന്ദ്രന്‍നായര്‍ അയല്‍വാസികളെപോലും അറിയിക്കാതെ വളരെ അകലെ താമസിക്കുന്ന, വീട്ടുജോലികള്‍ ചെയ്യാന്‍ വരുന്ന സ്ത്രീയെ വിളിച്ചു വരുത്തിയെന്നു സ്പെഷല്‍ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. അയല്‍വാസി തന്റെ ഓട്ടോറിക്ഷ പാര്‍ക്കു ചെയ്യുന്നത് കൂടത്തില്‍ തറവാട്ടിലാണ്. അയാളെ വിളിക്കാതെ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെത്തി മറ്റൊരു ഓട്ടോറിക്ഷ വിളിച്ചു ജയമാധവന്‍ നായരെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

ജോലിക്കാരിയും ഒപ്പമുണ്ടായിരുന്നു. ജയമാധവന്‍നായരുടെ മരണം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് അവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചു. ഇതിന്റെ ഫലം ഇതുവരെ കിട്ടിയിട്ടില്ല. റിപ്പോര്‍ട്ട് വേഗത്തില്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കത്തു നല്‍കിയിട്ടുണ്ട്. കാര്യസ്ഥനായിരുന്ന സഹദേവനും താനുമാണ് ജയമാധവന്‍നായരെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയതെന്നാണ് രവീന്ദ്രന്‍നായര്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്.

സ്പെഷല്‍ ബ്രാഞ്ച് അന്വേഷിച്ചപ്പോള്‍ ഇതേക്കുറിച്ച് സഹദേവന് അറിവുണ്ടായിരുന്നില്ല. മൊഴികളിലെ ഈ വൈരുദ്ധ്യം ഉദ്യോഗസ്ഥര്‍ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തി. വീട്ടുജോലി ചെയ്യുന്ന സ്ത്രീക്ക് 25 ലക്ഷവും സഹദേവന് 5 ലക്ഷവും രവീന്ദ്രന്‍ നല്‍കിയതായും സ്പെഷല്‍ ബ്രാഞ്ചിനു വിവരം ലഭിച്ചു. ഇക്കാര്യങ്ങള്‍ പരിശോധിച്ച ഉന്നത ഉദ്യോഗസ്ഥര്‍ മരണങ്ങളില്‍ അസ്വഭാവികതയുണ്ടെന്ന നിഗമനത്തില്‍ എത്തുകയും കേസ് എടുക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week