32.8 C
Kottayam
Friday, March 29, 2024

വര്‍ഷത്തില്‍ പത്തു ദിവസം സംഭവിക്കുന്നത് രണ്ടു പതിറ്റാണ്ടു കഴിയുമ്പോള്‍ വര്‍ഷത്തില്‍ നൂറു തവണയാകും. ഇന്ന് എറണാകുളത്തെ വിലപിടിച്ച റിയല്‍ എസ്റ്റേറ്റ് ഒക്കെ നാളെത്തെ ചതുപ്പ് നിലം ആകും,കൊച്ചിയിലെ വെള്ളപ്പൊക്കത്തില്‍ മുരളി തുമ്മാരുകുടി എഴുതുന്നു

Must read

കൊച്ചി: അപ്രതീക്ഷിതമായുണ്ടായ മിന്നല്‍ പ്രളയത്തില്‍ ചെറുതായൊന്നുമല്ല കൊച്ചി വലഞ്ഞത്.ഉപെതരഞ്ഞെടുപ്പ് ദിനത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ കൊച്ചി കോര്‍പറേഷനെതിരെ രൂക്ഷമായ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നുയര്‍ന്നത്. കോര്‍പറേഷനെ സര്‍ക്കാര്‍ പിരിച്ചുവിടാത്തതെന്തുകൊണ്ടെന്നുപോലും ഹൈക്കോടതി ചോദിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം നടത്തിയ ഇടപെടല്‍ ഫലം കാണുകയും ചെയ്തു.എന്നാല്‍ താല്‍ക്കാലിക പൊടിക്കൈകള്‍ കഴിയുമ്പോള്‍ വെള്ളപ്പൊക്കം നഗരവാസികള്‍ക്ക് ഒരു സ്ഥിരംശീലമായി മാറുമെന്നാണ് ഐക്യരാഷ്ട്രസഭ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി പറയുന്നത്.

മുരളി തുമ്മാരുകുടിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ

ഇന്നത്തെ കാലാവസ്ഥ, നാളത്തെ കാലം

കേരളത്തില്‍ മഴയോടുമഴ. എറണാകുളം വീണ്ടും കുളമാകുന്നു. സുഹൃത്തുക്കള്‍ സുരക്ഷിതരായിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ.

അടുപ്പിച്ചടുപ്പിച്ച് ഒരാഴ്ചയില്‍ രണ്ടുവട്ടം കാലാവസ്ഥയെ പറ്റി എഴുതേണ്ടി വരുന്നു. കുഴപ്പമില്ല, ഇനി ഇത് ശീലമായിക്കോളും.

രണ്ടായിരത്തി പതിനഞ്ചില്‍ കൊച്ചിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിലെ രണ്ടു ഗവേഷകര്‍ ഒരു പേപ്പര്‍ പ്രസിദ്ധീകരിച്ചു.

.Implications of sea level rise scenarios on land use /land cover classes of the coastal zones of Cochin, India.

Mani Murali R1, Dinesh Kumar PK2.

J Environ Manage. 2015 Jan 15;148:124-33. doi: 10.1016/j.jenvman.2014.06.010. Epub 2014 Jul 16
.
കാലാവസ്ഥ വ്യതിയാനം കൊച്ചി നഗരത്തെ എങ്ങനെ ബാധിക്കും എന്നതായിരുന്നു പഠനത്തിന്റെ വിഷയം.ഏതൊക്കെ സ്ഥലങ്ങള്‍ ആണ് കാലാവസ്ഥ വ്യതിയാനം കൊണ്ട് വെള്ളത്തിലാകാന്‍ പോകുന്നത് എന്നൊക്കെ പഠനത്തില്‍ ഉണ്ട്. വേണമെങ്കില്‍ വായിച്ചു നോക്കാം, മടിയാണെങ്കില്‍ ദിനേശ് ഒക്കെ കൊച്ചിയില്‍ തന്നെ ഉണ്ട്, ചോദിച്ചു നോക്കിയാല്‍ മതി.

ഇന്ന് നാം കാണുന്നത് കാലാവസ്ഥ വ്യതിയാനം ആണോ എന്ന് ശാസ്ത്രീയമായി പറയാന്‍ ഏറെ നാളെടുക്കും. പക്ഷെ ഇന്ന് നാം കാണുന്ന മഴയും വെള്ളെക്കെട്ടും ഒക്കെ നാളെ ഇതിലും പതിവാകാന്‍ പോവുകയാണെന്നതില്‍ ഒരു സംശയവും വേണ്ട. കൂടുതല്‍ സാന്ദ്രത ഉള്ള മഴ ഒരു വശത്ത്, ഉയരുന്ന സമുദ്ര നിരപ്പ് മറ്റൊരു വശത്ത്. പെയ്യുന്ന വെള്ളം കടലിലേക്ക് ഒഴുകിപ്പോകാന്‍ സമയമെടുക്കും, അത് വെള്ളക്കെട്ടായി നഗരത്തെ സ്തംഭിപ്പിക്കും. ഇപ്പോള്‍ വര്‍ഷത്തില്‍ പത്തു ദിവസം സംഭവിക്കുന്നത് രണ്ടു പതിറ്റാണ്ടു കഴിയുമ്പോള്‍ വര്‍ഷത്തില്‍ നൂറു തവണയാകും. ഇന്ന് എറണാകുളത്തെ വിലപിടിച്ച റിയല്‍ എസ്റ്റേറ്റ് ഒക്കെ നാളെത്തെ ചതുപ്പ് നിലം ആകും.

നമ്മുടെ നഗരത്തെയും നാടിനെയും കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്ന നാളേക്ക് പാകപ്പെടുത്താനുള്ള അറിവൊക്കെ കൊച്ചിയില്‍ തന്നെ ഉണ്ട്. അതൊക്കെ ഒന്ന് ഉപയോഗിച്ച് തുടങ്ങിയാല്‍ മതി. ഓരോ ദുരന്തവും ഓരോ അവസരമാണ്. കൊച്ചിയെ കാലാവസ്ഥ വ്യതിയാനത്തിന് തയ്യാറെടുപ്പിക്കാനുള്ള അവസരമാക്കി ഈ വെള്ളക്കെട്ടിനെ മാറ്റണം.

മുരളി തുമ്മാരുകുടി

(കഴിഞ്ഞ ആഗസ്തില്‍ വെള്ളപ്പൊക്കത്തെ പറ്റി പറഞ്ഞപ്പോള്‍ ”കാര്യങ്ങള്‍ ഞാന്‍ വീക്ഷിക്കുന്നുണ്ട്” എന്ന് ഞാന്‍ പറഞ്ഞത് കുറച്ചു പേര്‍ക്കൊക്കെ ആക്ഷേപമായി. ”ഇയ്യാള്‍ ആരാണ് വീക്ഷിക്കാന്‍” എന്ന് ചിലരെങ്കിലും മാറി നിന്ന് ചോദിക്കുകയും ചെയ്തു. . അവരെ വിഷമിപ്പിക്കാന്‍ ഒന്നൂടെ പറയാം, കാബൂളില്‍ ആണെങ്കിലും കേരളത്തിലെ കാലാവസ്ഥ ഞാന്‍ സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ട് !)

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week