കൊച്ചി: കിഴക്കമ്പലം സംഘര്‍ഷത്തില്‍ ഫൊറന്‍സിക് പരിശോധനാ ഫലം ഇന്ന് വന്നേക്കും. പോലീസ് വാഹനം കത്തിച്ച സംഭവത്തില്‍ എന്തെങ്കിലും രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും അറിയേണ്ടത്. ഇതിനിടെ കേസില്‍ ഇനിയും പിടിയിലാകാനുള്ളവര്‍ക്കായി കൂടുതല്‍ പരിശോധനകള്‍ നടത്തും.
സിസിടിവി, മൊബൈല്‍ ദൃശ്യങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട ഒരു ഝാര്‍ഖണ്ഡ് സ്വദേശി രക്ഷപെട്ടതായി കിറ്റക്സ് വ്യക്തമാക്കിയിട്ടുണ്ട്. ഇയാള്‍ക്കായും തെരച്ചില്‍ നടത്തും. അതേസമയം കേസില്‍ പ്രധാന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടികള്‍ക്കും ഇന്ന് തുടക്കമാകും.
ശനിയാഴ്ച രാത്രി 12 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കിറ്റെക്സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ ലേബര്‍ ക്യാമ്പിനുള്ളില്‍ ക്രിസ്മസ് കരോള്‍ നടത്തിയിരുന്നു. ഇവരില്‍ പലരും മദ്യലഹരിയിലായിരുന്നു. ഇതിനിടെ ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായി. തര്‍ക്കം പിന്നീട് റോഡിലേക്കും നീണ്ടു. ഇതിനിടെ നാട്ടുകാരും ഇടപെട്ടു.
സ്ഥിതിഗതികള്‍ വഷളായതോടെ പോലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ സ്ഥലത്തെത്തിയ കുന്നത്തുനാട് ഇന്‍സ്പെക്ടര്‍ക്കും സംഘത്തിനും നേരെ തൊഴിലാളികള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. പോലീസ് പിന്മാറിയതോടെ തൊഴിലാളികള്‍ പോലീസ് ജീപ്പുകള്‍ അക്രമിച്ചു. ഒരു വാഹനം പൂര്‍ണമായി കത്തിക്കുകയും, രണ്ട് വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു.