കണ്ണൂര്‍:കാമുകനു വേണ്ടി പിഞ്ചു കുഞ്ഞിനെ കടലിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ ശരണ്യയ്‌ക്കെതിരെ കാമുകനും രണ്ടാം പ്രതിയുമായ നിധിന്‍. ശരണ്യയുമായി തനിക്ക് വളരെ കുറച്ചുനാളുകള്‍ മാത്രമുള്ള ബന്ധമാണുള്ളത്. ശരണ്യയ്ക്ക് വേറെ കാമുകനുണ്ടായിരുന്നു. ഇതിനിടെ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് നിധിന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ശരണ്യയുടെ കാമുകന്‍ താനല്ലെന്നും മറ്റൊരാളാണ് കാമുകനെന്നും തന്നെ പൊലീസ് മനഃപൂര്‍വ്വം കുടുക്കിയതാണെന്നും ചൂണ്ടിക്കാട്ടിയാണ് നിധിന്‍ അഭിഭാഷകന്‍ മുഖേന കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ കേസില്‍ പ്രതിക്ക് മേലുള്ള കുറ്റപത്രം നിലനില്‍ക്കുന്നതാണെന്ന് നിരീക്ഷിച്ച് കോടതി ഹര്‍ജി തള്ളുകയായിരുന്നു
കേസിലെ ഇരുപത്തി ഏഴാം സാക്ഷിയായ പാലക്കാട് സ്വദേശി അരുണ്‍ എന്ന യുവാവാണ് ശരണ്യയുടെ യഥാര്‍ത്ഥ കാമുകനെന്നാണ് നിധിന്‍ ഹര്‍ജിയില്‍ അവകാശപ്പെട്ടത്. അരുണുമായി 2018 മുതല്‍ ശരണ്യക്ക് ബന്ധമുണ്ടായിരുന്നു എന്നും താനുമായി 2019 നവംബര്‍ മുതലാണ് അടുപ്പത്തിലാകുന്നത് എന്നും നിധിന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ശരണ്യയുമായി അരുണ്‍ നടത്തിയ ചാറ്റുകള്‍ കണ്ടിട്ടുണ്ടെന്നും കുറച്ചു മാസങ്ങള്‍ മാത്രം അടുപ്പമുള്ള തനിക്ക് വേണ്ടി കുഞ്ഞിനെ കൊലപ്പെടുത്തില്ല എന്നും നിധിന്‍ അവകാശപ്പെട്ടു. കൂടാതെ കുട്ടി കൊലചെയ്യപ്പെടുന്നതിന് രണ്ടാഴ്ച മുന്‍പ് അരുണ്‍ പാലക്കാട് നിന്നും കണ്ണൂരില്‍ എത്തി ശരണ്യയെ കണ്ടിരുന്നു. അതിനാല്‍ കുട്ടിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത് അരുണാകാമെന്നും ഹര്‍ജിയില്‍ നിധിന്‍ വാദിക്കുന്നു.
ഇതോടെ കേസില്‍ നിന്നും രക്ഷപെടാനുള്ള നിധിന്റെ തന്ത്രം വിഫലമായി. ശാസ്ത്രീയമായ എല്ലാ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടിയുടെ മരണത്തിന് മുന്‍പ് സമീപത്തെ ഒരു ബാങ്കിന്റെ മുന്നില്‍ മണിക്കൂറുകളോളം ശരണ്യയും നിധിനും സംസാരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തിരുന്നു. കൂടാതെ ഇരുവരുടെയും ഫോണ്‍ കോള്‍ വിശദാംശങ്ങളും പരിശോധിച്ചതില്‍ നിന്നും കൊലയ്ക്ക് പ്രേരിപ്പിച്ചതിന് പിന്നില്‍ നിധിനാണെന്ന് കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി പതിനേഴിന് പുലര്‍ച്ചെ മൂന്നരക്ക് ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ എടുത്ത് ശരണ്യ കടല്‍ക്കരയിലേക്ക് കൊണ്ടുപോയി. രണ്ട് തവണ കടല്‍ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞ് മരണമുറപ്പാക്കിയ ശേഷം തിരിച്ചുവന്ന് കിടന്നുറങ്ങി എന്നാണ് പൊലീസ് കുറ്റപത്രം പറയുന്നത്.