കോട്ടയം: കേരളാ കോണ്‍ഗ്രസ് തര്‍ക്കത്തില്‍ അന്തിമ തീരുമാനം നാളെ. കോട്ടയം ജില്ലാ പഞ്ചായത്തിലെ പദവി മാറ്റത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ജോസ് പക്ഷം ജോസഫ് വിഭാഗത്തിന് കൈമാറണം എന്ന ഉറച്ച നിലപാടിലാണ് യുഡിഎഫ്. അതേസമയം സ്ഥാനം മാറില്ല എന്ന ഉറച്ച തീരുമാനത്തിലാണ് ജോസ് പക്ഷം ഉള്ളത്. ഇതോടെ നാളെ ജോസ് കെ മാണിയോട് യുഡിഎഫ് നേതാക്കള്‍ അവസാനമായി വട്ട ചര്‍ച്ചയ്‌ക്കൊരുങ്ങുകയാണ്. ഇതിലും ജോസ് പക്ഷം ഇടഞ്ഞു നിന്ന് ജില്ലാ പഞ്ചായത്തില്‍ രാജിയില്ലെങ്കില്‍ അവിശ്വാസം അല്ലെങ്കില്‍ ജോസ് പക്ഷത്തിനെതിരെ പരസ്യ നിലപാട് എടുക്കും. നാളെ പിജെ ജോസഫിനെ യുഡിഎഫ് നേതാക്കള്‍ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.
ജോസ് പക്ഷം മുന്നണിയെ വെല്ലുവിളിക്കുന്നെന്നാണ് യുഡിഎഫ് നിലപാട്. ജോസ് പക്ഷം മുന്നണി വിട്ടാലും ഇത്തരത്തിലുള്ള മുന്നണിയെ വെല്ലുവിളിക്കുന്ന തരത്തിലുള്ള നടപടി സ്വീകരിക്കാനാവില്ലെന്ന് യുഡിഎഫ് വ്യക്തമാക്കി. നിലപാടില്‍ മാറ്റമില്ലെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കാനാണ് പാര്‍ട്ടി തീരുമാനം. ലീഗീന്റെയും മറ്റ് ഘടകക്ഷികളുടേയും അഭിപ്രായത്തില്‍ മുന്നണി തീരുമാനം അംഗീകരിക്കാതെ ജോസ് പക്ഷം നടത്തുന്ന നീക്കം അംഗീകരിക്കേണ്ടെന്നാണ്.
ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെ ജോസ് കെ മാണിയെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. യു.ഡി.എഫില്‍ ഒറ്റപ്പെട്ട ജോസ് പക്ഷം അവിശ്വാസം വന്നാല്‍ എല്‍ഡിഎഫ് പിന്തുണ കാട്ടി യുഡിഎഫിനെ പ്രതിരോധത്തിലാക്കാനാണ് നീക്കം. അങ്ങനെ അവിശ്വാസം വരുകയും ഇടത് മുന്നണി ജോസ് പക്ഷത്തെ പിന്തുണയ്ക്കുകയും ചെയ്താല്‍ യുഡിഎഫിന് ക്ഷീണമുണ്ടാകുമെന്നും യുഡിഎഫ് കരുതുന്നുണ്ട്.