ശ്രീനഗർ : കാശ്മീരിൽ ഭൂമി വാങ്ങുന്നതിനുള്ള നിയന്ത്രണം മോദി സർക്കാർ റദ്ദാക്കിയതിനെ എതിർത്ത് നാഷണൽ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. സർക്കാരിന്റെ പുതിയ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് ഒമർ അബ്ദുള്ള പറഞ്ഞു. ഇന്ത്യൻ പൗരന്മാർക്ക് ജമ്മു കശ്മീരിൽ ഭൂമി വാങ്ങാമെന്നുള്ള കേന്ദ്രസർക്കാർ ഉത്തരവിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു ഒമർ അബ്ദുള്ളയുടെ പ്രതികരണം.
ജമ്മു കശ്മീരിലെ ഭൂഉടമസ്ഥ നിയമത്തിൽ കൊണ്ടുവന്ന മാറ്റം അംഗീകരിക്കാൻ കഴിയില്ല. ഭേദഗതി കാർഷികേതര ഭൂമി വാങ്ങുമ്പോൾ താമസാവകാശ രേഖ നൽകുന്നത് ഇല്ലാതാക്കുകയും, കൃഷി ഭൂമിയുടെ കൈമാറ്റം എളുപ്പമാക്കുകയും ചെയ്യും. ജമ്മു കശ്മീർ ഇപ്പോൾ വിൽപ്പന ചരക്കായി മാറിയിരിക്കുന്നു. പാവപ്പെട്ട ചെറിയ ഭൂവുടമകൾ ദുരിതത്തിലാകുമെന്നും ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു.
നേരത്തെ ജമ്മു കശ്മീരിൽ സ്ഥിരതാമസക്കാരായവർക്ക് മാത്രമേ ഭൂമി വാങ്ങാൻ അനുമതി ഉണ്ടായിരുന്നുള്ളൂ. ഈ നിയമത്തിനാണ് കേന്ദ്രസർക്കാർ മാറ്റം വരുത്തിയിരിക്കുന്നത്. അമിതാധികാരം എടുത്തുകളഞ്ഞതിലൂടെ ജമ്മു കശ്മീരിനെ ഇന്ത്യൻ ഭരണ ഘടനയ്ക്ക് കീഴിൽ കൊണ്ടുവന്ന മോദി സർക്കാർ പുതിയ നിയമത്തിലൂടെ ഈ നീക്കത്തിന് ബലം നൽകിയിരിക്കുകയാണ്.