25.9 C
Kottayam
Friday, April 26, 2024

നടിയെ ആക്രമിച്ച കേസ്:അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറി

Must read

കൊച്ചി: കോടതി മാറ്റം ചോദ്യം ചെയ്ത് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് കേരള ഹൈക്കോടതി ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറി. വിചാരണ സിബിഐ കോടതിയിൽ നിന്ന് ജില്ലാ സെ‌ഷൻസ് കോടതിയിലേക്ക് മാറ്റിയത് ചോദ്യം ചെയ്താണ് അതിജീവിത കോടതിയെ സമീപിച്ചത്. ജഡ്ജി ഹണി എം വർഗീസ് വിചാരണ നടത്തരുത് എന്നായിരുന്നു ആവശ്യം. നേരത്തെ മെമ്മറി കാർഡ് കേസിലും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറിയിരുന്നു. ഇതോടെ അതിജീവിതയുടെ ഹര്‍ജി മറ്റൊരു കോടതി പരിഗണിക്കും.

സെഷൻസ് ജ‍ഡ്ജ് ഹണി എം വർഗീസ് വിചാരണ നടത്തിയാൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും ജ‍ഡ്ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നും  ഹർജിയിൽ വ്യക്തമാക്കുന്നു. ഹൈക്കോടതി നേരത്തെ ഒരു ഉത്തരവിലൂടെയാണ് സെഷൻസ് കോടതിയിൽ നിന്ന്  കേസ് പ്രത്യക  കോടതിയിലേക്ക്  മാറ്റിയത്. എന്നാൽ ഈ കേസ് മറ്റൊരു അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ വീണ്ടും സെഷൻസ് കോടതിയിലേക്ക് മറ്റുകയാണ് ചെയ്തത്. ഇത് നിയമപരമല്ലെന്നും അതിജീവതയുടെ ഹർജിയിലുണ്ട്. കേസിൽ തീർപ്പുണ്ടാക്കുന്നത് വരെ സെഷൻസ് കോടതിയിലെ വിചാരണ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെട്ടിരുന്നു.

കോടതിയിൽ നിന്ന് നടിയുടെ  ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ക്രൈം ബ്രാ‌ഞ്ച്  നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നാണ് നേരത്തെ ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറിയത്. കോടതിയുടെ കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങൾ സൂക്ഷിച്ച മെമ്മറി കാർഡിന്‍റെ  ഹാഷ് വാല്യു രണ്ട് വട്ടം മാറിയെന്നും ഇതിൽ വിചാരണ കോടതി തുടർ നടപടി സ്വീകരിച്ചില്ലെന്നുമായിരുന്നു ഈ കേസിലെ ക്രൈം ബ്രാ‌ഞ്ച് ഹർജി.

ജഡ്ജിയ്ക്കെതിരെയും ഹർജിയിൽ ആരോപണമുണ്ടായിരുന്നു. നേരത്തെ അതിജീവിത നൽകിയ സമാന ഹർജി പരിഗണിക്കുന്നതിൽ നിന്നും  കൗസർ എടപ്പഗത്ത് പിൻമാറിയിരുന്നു. അതിജീവിതയുടെ ആവശ്യപ്രകാരം മറ്റൊരു ബഞ്ചായിരുന്നു പിന്നീട് കേസ് പരിഗണിച്ചത്. 
 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week