ന്യൂഡല്‍ഹി: മികച്ച പാര്‍ലമെന്റേറിയനുള്ള 2023-ലെ ലോക്മത് പുരസ്‌കാരം ജോണ്‍ ബ്രിട്ടാസ് എം.പി.ക്ക്. പാര്‍ലമെന്റ് ചര്‍ച്ചകളിലെ പങ്കാളിത്തം, ചോദ്യങ്ങള്‍, സ്വകാര്യ ബില്ലുകള്‍, ഇടപെടല്‍ തുടങ്ങി സഭാനടപടികളില്‍ പ്രകടിപ്പിച്ച പ്രാഗത്ഭ്യം മുന്‍ നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കുന്നത്.
സീതാറാം യെച്ചൂരിക്ക് ശേഷം ഒരു സി.പി.എം. പാര്‍ലമെന്റേറിയനു കിട്ടുന്ന രണ്ടാമത്തെ പുരസ്‌കാരമാണിത്. എന്‍.കെ. പ്രേമചന്ദ്രനു ശേഷം രണ്ടാമത്തെ മലയാളിക്കും.
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ശരദ് പവാര്‍, മുലായം സിങ് യാദവ്, ശരദ് യാദവ്, ജയ ബച്ചന്‍, സുപ്രിയ സുലെ, എന്‍ഷികാന്ത് ദുബെ, ഹേമ മാലിനി, ഭാരതി പവാര്‍ തുടങ്ങിയവര്‍ക്കാണ് മുമ്പ് ലോക്മത് പുരസ്‌കാരം ലഭിച്ചിട്ടുള്ളത്,
ലോക്സഭാ മുന്‍ സെക്രട്ടറി ജനറല്‍ ഡോ. സുഭാഷ് സി. കശ്യപ്, മുന്‍ കേന്ദ്ര മന്ത്രി പ്രഫുല്‍ പട്ടേല്‍ തുടങ്ങിയവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പുരസ്‌കാരം സമ്മാനിച്ചു.