തിരുവനന്തപുരം: ഒരു രൂപത്തിലും ബിജെപിയോടൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയുടെ ഘടകമായി കേരളത്തിലെ പാര്‍ട്ടി അറിയപ്പെടാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും, ഇടതുപക്ഷം ജനാധിപത്യ മുന്നണിയുടെ ഭാഗമായി തുടരുമെന്നും മാത്യു ടി തോമസ് പറഞ്ഞു.
ദേശീയ ഘടകവുമായി പേരില്‍ മാത്രമാണ് ബന്ധമുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകളില്‍ ഒരുപക്ഷേ ഒരു പാര്‍ട്ടിയെന്ന് കാണുന്നത് ഒഴിച്ചാല്‍ വ്യത്യസ്തമായ രാഷ്ട്രീയ നിലപാട് എടുത്തുകൊണ്ടാണ് കേരള ഘടകം കഴിഞ്ഞ കുറേ നാളുകളായി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സാങ്കേതികമായ ഈ അപാകത പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന് സംസ്ഥാന ഭാരവാഹിയോഗം തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ പാര്‍ട്ടി ബിജെപി വിരുദ്ധ നിലപാടുമായി ഇടതുപക്ഷത്തിനൊപ്പം നില്‍ക്കും. പുതിയ പാര്‍ട്ടിയുടെ പേരില്‍ ജനതാദള്‍ എന്ന് ഉണ്ടാകും. അതിലേക്കാകും രണ്ട് എംഎല്‍എമാര്‍ ഉള്‍പ്പെടുന്ന കേരള ഘടകം ലയിക്കുക. നിയമപരമായ വശങ്ങള്‍ കൂടി പരിശോധിച്ച ശേഷമാകും പുതിയ പാര്‍ട്ടി രൂപീകരിച്ച് അതില്‍ ലയിക്കുകയെന്നും മാത്യു ടി തോമസ് പറഞ്ഞു.
നിലവില്‍ ആര്‍ജെഡിയില്‍ ലയിക്കുന്നത് ആലോചനയില്‍ ഇല്ല. ദേശീയ നേതൃത്വം ബിജെപി ബന്ധം ഉപേക്ഷിച്ചാല്‍ അതിലേക്ക് ലയിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള ജനപ്രതിനിധികള്‍ക്ക് അവരെ തിരഞ്ഞെടുത്ത് അയച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിന് യാതൊരു തടസ്സവും ഉണ്ടായിരിക്കില്ല. അതെല്ലാം പരിശോധിച്ചുള്ള നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.
പേര് ഉപേക്ഷിച്ച് കൊണ്ട് ഒരുപുതിയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനായി ചിലരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിലേക്കാണ് പുതിയ പാര്‍ട്ടി ലയിക്കുകയെന്നും മാത്യു ടി തോമസ് വ്യക്തമാക്കി. നേരത്തെ ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി എന്‍ഡിഎ സര്‍ക്കാരില്‍ മന്ത്രിയായതോടെയാണ് ജെഡിഎസ്സിന് മേല്‍ ഇടതുപക്ഷം സമ്മര്‍ദം ചെലുത്താന്‍ ആരംഭിച്ചത്.