തിരുവനന്തപുരം:നികുതി പിരിവുമായി ബന്ധപ്പെട്ട് രാഷ്ട്രീയലക്ഷ്യത്തോടെ ചിലര്‍ നടത്തുന്ന വ്യാജപ്രചരണത്തിനെതിരെ നഗരവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍.
നഗരസഭയില്‍ പൊതുജനങ്ങള്‍ അടച്ച നികുതി വരവ് വച്ചിട്ടുണ്ടോ എന്ന് ജനങ്ങള്‍ നേരിട്ടെത്തി പരിശോധിക്കണം എന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഒരു സന്ദേശം ചില സാമൂഹ്യവിരുദ്ധ ശക്തികള്‍ പ്രചരിപ്പിക്കുന്നതായി നഗരസഭയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ജനങ്ങളെ പരിഭ്രാന്തരാക്കാനും നഗരസഭയുടെ നികുതി വരുമാനത്തെ തകര്‍ക്കാനും ആണ് നീക്കം. അതുവഴി നഗരഭരണം സ്തംഭിപ്പിക്കാം എന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഈ പ്രചാരണമെന്ന് മേയര്‍ വ്യക്തമാക്കി.
‘നികുതി പിരിവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ ജനങ്ങള്‍ നഗരസഭയില്‍ ഒടുക്കിയ നികുതിയുമായി ബന്ധപ്പെട്ടതല്ല, അത് ജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത് നഗരസഭയുടെ ബാങ്ക് അക്കൗണ്ടില്‍ അടയ്‌ക്കേണ്ട തുകയില്‍ ക്രമക്കേട് വരുത്തി എന്നതാണ്. അതുകൊണ്ട് തന്നെ ജനങ്ങള്‍ അടച്ച നികുതി തുകയ്ക്ക് ഒരു നഷ്ടവും സംഭവിച്ചിട്ടില്ല. ക്രമക്കേട് കാണിച്ച ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും പോലീസ് കേസെടുക്കുകയും അന്വഷണം നടന്ന് വരികയുമാണ്.’
നഗരസഭയ്ക്ക് വന്നിട്ടുള്ള നഷ്ട്ടം ഉദ്യോഗസ്ഥരില്‍ നിന്നും തിരിച്ച് പിടിക്കാനുള്ള നടപടികളും പരിഗണനയിലാണ്. തെറ്റിദ്ധാരണ പടര്‍ത്തി ജനങ്ങളെ പേടിപ്പിച്ച് മഹാമാരിയുടെ കാലത്ത് നഗരസഭാ ഓഫീസില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാക്കാനാണ് ഇത്തരം കുപ്രചരണം നടത്തുന്നത് എന്ന കാര്യം തിരിച്ചറിഞ്ഞ് ഇതിനെ തള്ളിക്കളയണമെന്ന് മേയര്‍ ആവശ്യപ്പെട്ടു.