മലപ്പുറം : പാരമ്പര്യ വൈദ്യന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മലപ്പുറം പൊലീസിന്‍റെ കസ്റ്റഡിയിലുളള ഷൈബിന്‍ അഷ്റഫിനെതിരായ (Shaibin ashraf) മറ്റ് പരാതികളില്‍ അന്വേഷണം വൈകുന്നു. ബിസിനസ് പങ്കാളി ഹാരിസിന്‍റേതടക്കം മറ്റ് മൂന്ന് പേരുടെ മരണത്തിനു പിന്നിലും ഷൈബിനാണെന്ന ആരോപണം ശക്തമായിട്ടും അന്വേഷണം തുടങ്ങിയിട്ടില്ല. മുഖ്യമന്ത്രിക്കടക്കം നേരത്തെ പരാതി നല്‍കിയിട്ടും അന്വേഷണം നടക്കാതെ പോയതാണ് ഷൈബിന് തുണയായതെന്ന് ഹാരിസിന്‍റെ കുടുംബം ആരോപിച്ചു.
കൂടത്തായ് കേസിന് സമാനമായ രീതീയില്‍ ഷൈബിന്‍ അഷ്റഫ് കൊലപാതക പരമ്പര ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്ന ആരോപണങ്ങളും തെളിവുകളും പുറത്ത് വന്നിട്ടും അന്വേഷണമത്രയും ഇപ്പോഴും ചുറ്റിത്തിരിയുന്നത് മൈസൂര്‍ സ്വദേശിയായ പാരമ്പര്യ വൈദ്യന്‍റ കൊലപാതകത്തില്‍ തന്നെയാണ്. ഷൈബിന്‍റെ ബിസിനസ് പങ്കാളിയായിരുന്ന ഹാരിസ്, ഹാരിസിന്‍റെ മാനേജര്‍ ചാലക്കുടി സ്വദേശിയായ യുവതി, വയനാട് ബത്തേരി സ്വദേശി ദീപേഷ് എന്നിവരുടെ ദുരൂഹ മരണത്തിനു പിന്നിലും ഷൈബിന്‍ അഷ്റഫെന്ന ആരോപണമാണ് ബന്ധുക്കളും നാട്ടുകാരും ഉന്നയിക്കുന്നത്.
ഹാരിസിനെയും യുവതിയെയും ഷൈബിന്‍റെ നിര്‍ദ്ദേശപ്രകാരം തങ്ങളാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പിടിയിലുളള നൗഷാദ് അടക്കമുളള പ്രതികള്‍ വെളിപ്പെടുത്തുകയും തെളിവുകള്‍ പുറത്തുവരികയും ചെയ്തിട്ടും അന്വേഷണം തുടങ്ങിയിട്ടില്ല. വിവിധ ജില്ലകളിലും കര്‍ണാടക, അബുദാബി തുടങ്ങിയ സ്ഥലങ്ങളിലുമായ നടന്ന കുറ്റകൃത്യങ്ങളായതിനാല്‍ മലപ്പുറം പൊലീസിന് മാത്രമായി അന്വേഷണം നടത്തുന്നതിന് പരിമിതിയുണ്ട്. ഈ സാഹചര്യത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
തന്നെ വധിക്കാനെത്തിയ ക്വട്ടേഷന്‍ സംഘത്തെക്കുറിച്ച് ഹാരിസ് കൃത്യമായ വിവരം പൊലീസിന് നല്‍കുകയും പൊലീസ് ഈ സംഘത്തെ പിടകൂടുകയും ചെയ്തിട്ടും പിന്നീട് കാര്യമായ അന്വേഷം നടക്കാതെ പോയതാണ് വിനയായതെന്ന് ഹാരിസിന്‍റെ കുടുംബം പറയുന്നു. തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ഹാരിസ് പരാതിയുടെ തെളിവുകളും ഇവര്‍ പുറത്ത് വിട്ടു. ഒടുവില്‍ സ്വയരക്ഷയ്ക്കായി ഹാരിസ് തോക്കിന് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു.
ബത്തേരി സ്റ്റേഷനിലെ മുന്‍ എസ്ഐ സുന്ദരന്‍ അടക്കം പൊലീസ് ഉദ്യോഗസ്ഥരും ഷൈബിന്‍റെ സഹായികളായി പ്രവര്‍ത്തിച്ചിരുന്നു. തെളിവുകളില്ലാതെ കൊലപാതകങ്ങള്‍ നടത്താന്‍ ഷൈബിനെ ഈ ഘടകങ്ങളെല്ലാം സഹായിച്ചെന്ന വിവരങ്ങള്‍കൂടി പുറത്തുവരുന്ന സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നത്.