മറുനാടന്‍ ലൈംഗിക തൊഴിലാളികള്‍ കൂട്ടത്തോടെ കേരളത്തിലേക്ക്; എത്തുന്നത് അന്യസംസ്ഥാന തൊഴിലാളികളുടെ ബന്ധു എന്ന വ്യാജേന

കൊച്ചി: മറുനാടന്‍ തൊഴിലാളികളുടെ ബന്ധുക്കളെന്ന വ്യാജേന അന്യസംസ്ഥാന ലൈംഗിക തൊഴിലാളികള്‍ കേരളത്തിലേക്ക് എത്തുന്നതായി റിപ്പോര്‍ട്ട്. ബംഗാള്‍, ബിഹാര്‍, ഒഡിഷ എന്നിവിടങ്ങളില്‍ നിന്നാണ് ലൈംഗികവൃത്തിക്കായി കേരളത്തിലേക്ക് യുവതികള്‍ എത്തുന്നത്. കേരളത്തിലെ ചില ഏജന്‍സികളും ഇതിന് പിന്നിലുണ്ടെന്നാണ് വിവരം.
കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള പീര്‍ഗ്രൂപ്പ് സര്‍വേയിലാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. പെരുമ്പാവൂരിലാണ് മറുനാടന്‍ ലൈംഗികത്തൊഴിലാളികള്‍ കൂടുതല്‍. മറുനാടന്‍ തൊഴിലാളികളുടെ ബന്ധുക്കളെന്ന വ്യാജേന എത്തുന്ന സ്ത്രീകളാണ് ലൈംഗികത്തൊഴിലിലേക്ക് നീങ്ങുന്നത്.

മാസങ്ങള്‍ക്കുമുമ്പ് തൃശൂര്‍ നഗരത്തിലും ജില്ലയിലെ മറ്റു ഭാഗങ്ങളിലും നടത്തിയ പരിശോധനയില്‍ 12 സ്ത്രീകളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരില്‍ ഏഴുപേരും അന്യ സംസ്ഥാനക്കാരാണ്. ഏജന്റായ തൃശ്ശൂര്‍ തളിക്കുളം സ്വദേശി സീമയെയും അറസ്റ്റു ചെയ്തു. തിരുവനന്തപുരത്ത് വിദേശമലയാളിയുടെ വീട് വാടകയ്‌ക്കെടുത്തു പെണ്‍വാണിഭം നടത്തിയ സ്ത്രീയെയും പോലീസ് അറസ്റ്റുചെയ്തിരിന്നു. ബംഗളൂരു സ്വദേശികളായ സ്ത്രീകളാണ് പിടിയിലായത്.

ഏജന്റ് മുഖേന ബംഗാളില്‍ നിന്നാണ് കൂടുതല്‍ പേര്‍ കേരളത്തിലേക്ക് എത്തുന്നതെന്നാണ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴിലുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തിയ സര്‍വേ പറയുന്നത്. മറുനാടന്‍ ലൈംഗികത്തൊഴിലാളികളുടെ കടന്നുവരവ് എച്ച്ഐവി, മറ്റു ലൈംഗിക രോഗങ്ങള്‍ എന്നിവ പടരാന്‍ സാധ്യത കൂട്ടിയേക്കാമെന്ന് അധികൃതര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 |  Whatsapp Group 2 | Telegram Group