കീവ്: യുക്രൈൻ തലസ്ഥാന നഗരമായ കീവിൽ റഷ്യൻ ആക്രമണം. തിങ്കളാഴ്ച രാവിലെ രണ്ട് സ്ഫോടനങ്ങൾ നടന്നതായി വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. റഷ്യയും ക്രിമിയയും തമ്മിൽ ബന്ധിപ്പിക്കുന്ന കടൽപ്പാലത്തിൽ സ്ഫോടനം നടന്നതിന് പിന്നാലെയാണ് യുക്രൈനിൽ റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുന്നത്.
കീവിൽ മിസൈൽ ആക്രമണം തുടരുകയാണ്.റഷ്യൻ അധിനിവേശ സപ്പോർഷ്യയിൽ നിന്നാണ് ആറ് മിസൈലുകൾ തൊടുത്തത്.ചരിത്ര പ്രാധാന്യമുള്ള പഴയ കീവ് നഗരം സ്ഥിതി ചെയ്യുന്ന ഷെവെചെങ്കൊ ജില്ലയിലാണ് ആക്രണം നടന്നതെന്ന് കീവ് മേയർ വ്യക്തമാക്കി. ആരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടോ എന്നതിനെ കുറിച്ച് വിവരങ്ങൾ ലഭ്യമല്ല.
കടൽപ്പാലം തകർത്തത് യുക്രൈൻ ആസൂത്രിതമായി നടപ്പിലാക്കിയ ഭീകര പ്രവർത്തനമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ പറഞ്ഞിരുന്നു.ഇതിന് പിന്നാലെ യുക്രൈനിൽ റഷ്യ ആക്രമണം ശക്തമാക്കുകയായിരുന്നു.യുദ്ധത്തിൽ കാര്യമായി മുന്നേറ്റം ഉണ്ടാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പുടിന് ഇരുട്ടടിയായി ക്രീമിയയിലെ കെർച്ച് പാലത്തിലുണ്ടായ സ്‌ഫോടനം.ഇതോടെ സകല നിയന്ത്രണവും വിട്ടിരിക്കുകയാണ് റഷ്യൻ പ്രസിഡന്റ് പുടിന്. ക്രീമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പാലം തകർത്തത് യുക്രെയിൻ സ്‌പെഷ്യൽ ഫോഴ്‌സ് എന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് പുടിൻ. മാത്രമല്ല, ഇതൊരു ഭീകര പ്രവർത്തനമാണെന്നും അദ്ദേഹം പറയുന്നു.
സുപ്രധാനമായ സിവിലിയൻ ഇൻഫ്രാസ്ട്രക്ച്ചറുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഭീകരാക്രമണമാണ് ഇതെന്ന് പറഞ്ഞ പുടിൻ ഇതിന് കനത്ത തിരിച്ചടി നൽകുമെന്നും പറഞ്ഞിരുന്നു. യുദ്ധം കൂടുതൽ കടുപ്പിക്കാൻ റഷ്യ നിർബന്ധിതമായിരിക്കുകയാണെന്നും റഷ്യൻ സെക്യുരിറ്റി കൗൺസിൽ യോഗം ചേരുന്നതിനു മുൻപായി അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി യുക്രെയിനിലെ വൻ നഗരങ്ങളിലെല്ലാം റഷ്യ കനത്ത മിസൈൽ ആക്രമണം നടത്തിയേക്കാം എന്ന് മുൻ ബ്രിട്ടീഷ് സൈനിക തലവൻ ലോർഡ് ഡാനറ്റ് മുന്നറിയിപ്പ് നൽകിയിരുന്നു.ഇതാണ് ഇപ്പോൾ റഷ്യ നടപ്പാക്കുന്നതും.
എന്നാൽ, ആണവായുധം ഉപയോഗിച്ചേക്കുമെന്ന പാശ്ചാത്യ ശക്തികളുടെ ആശങ്ക റഷ്യ പൂർണ്ണമായും തള്ളിക്കളയുകയാണ്. അത്തരമൊരു കാര്യം പരിഗണനയിൽ ഇല്ലെന്നും റഷ്യ വ്യക്തമാക്കി. 2014- റഷ്യയോട് കൂട്ടിച്ചേർക്കപ്പെട്ടതിനു ശേഷം ക്രീമിയയിൽ റഷ്യൻ ശക്തിയുടെയും അധികാരത്തിന്റെയും അടയാളമായിരുന്നു സ്‌ഫോടനം നടന്ന പാലം. അതിനാൽ തന്നെ കനത്ത തിരിച്ചടി വേണമെന്ന നിലപാടാണ് റഷ്യൻ മാധ്യമങ്ങളും എടുക്കുന്നത്.
അതിനുപുറമേ, ഇപ്പോൾ നടക്കുന്ന യുദ്ധത്തിൽ റഷ്യൻ സൈന്യത്തിന് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഒന്നു കൂടിയാണ് 19 കിലോമീറ്റർ നീളം വരുന്ന ഈ പാലം. ഖെർസണിലും യുക്രെയിന്റെ തെക്കൻ മേഖലകളിലും വിന്യസിക്കപ്പെട്ട റഷ്യൻ സൈനികർക്ക് പ്രധാന സൈനിക കേന്ദ്രങ്ങളുമായുള്ള ബന്ധവും ഇതുവഴി ആയിരുന്നു. അതുകൊണ്ട് തന്നെ ഭാഗികമായിട്ടാണെങ്കിൽ കൂടി ഇത് സ്‌ഫോടനത്തിൽ തകർന്നത് റഷ്യക്ക് ഏറ്റ കനത്ത തിരിച്ചടിയാണ്.
പാലത്തിൽ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് തീവ്രവാദ നിയമങ്ങൾ പ്രകാരം കേസ് റെജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് റഷ്യ അന്വേഷണ കമ്മിറ്റി തലവൻ അലക്‌സാണ്ടർ ബാസ്ട്രികിൻ അറിയിച്ചു. യുക്രെയിൻ സൈനികർക്ക് പുറമെ ചില റഷ്യൻ പൗരന്മാരും മറ്റു ചില രാജ്യങ്ങളിലെ പൗരന്മാരും ഇതിൽ പ്രതികളാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം യുക്രെയിനെതിരെ കടുത്ത ആക്രമണം വേണമെന്നാണ് സർക്കാരിനെ പിന്തുണയ്ക്കുന്ന റഷ്യൻ മാധ്യമങ്ങൾ ആവശ്യപ്പെടുന്നത്. ക്രീമിയയിലെ പാലം തകർത്തത് റഷ്യൻ അഭിമാനത്തിനേറ്റ ആഘാതമാണെന്നും മുഴുവൻ റഷ്യക്കാരും ഒത്തുകൂടി യുക്രെയിന് ദുരിതങ്ങളുടെ നാളുകൾ സമ്മാനിക്കണമെന്നും അവർ ആഹ്വാനം നൽകുന്നു. റഷ്യക്ക് അകത്തുള്ള ശത്രുക്കളെ കണ്ടെത്തുന്നതിനും ശിക്ഷിക്കുന്നതിനും സ്റ്റാലിന്റെ കാലത്തെ കുപ്രസിദ്ധിയാർജ്ജിച്ച കൗണ്ടർ ഇന്റലിജൻസ് സംവിധാനം തിരികെ കൊണ്ടു വരണമെന്നും അവർ ആവശ്യപ്പെടുന്നു.
സ്‌ഫോടനത്തിനു പിന്നിൽ യുക്രെയിൻ ആണെന്ന് റഷ്യ ആരോപിക്കുമ്പോൾ അത് നിഷേധിക്കുകയാണ് യുക്രെയിൻ. വ്‌ളാഡിമിർ പുടിനെതിരെയുള്ള അട്ടിമറി ശ്രമത്തിന്റെ ഭാഗമായി ഒരു വിഭാഗം റഷ്യൻ സൈനികർ തന്നെ നടത്തിയതാണ് ഈ സ്‌ഫോടനം എന്നാണ് യുക്രെയിൻ വിശദീകരിക്കുന്നത്. നേരത്തേ സ്‌ഫോടനത്തിൽ യുക്രെയിൻ വക്താക്കൾ ആഹ്ലാദം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരുന്നെങ്കിലും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നില്ല.
റഷ്യയുടെ രഹസ്വ്യാന്വേഷണ വിഭാഗമായ എഫ് എസ് ബിയും ചില സ്വകാര്യ സൈനിക വിഭാഗങ്ങളുംപ്രതിരോധ മന്ത്രാലയവുമായും സൈനിക മേധാവിത്വവുമായും അത്ര നല്ല രസത്തിലല്ല. ഒരു കൂട്ടർ മറ്റവരുടെ വിശ്വാസ്യത തകർക്കാൻ തുടർച്ചയായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വലിയൊരു പരിധിവരെ റഷ്യക്ക് ഈ യുദ്ധത്തിൽ തിരിച്ചടി നേരിടേണ്ടി വന്നത് ഈ ആഭ്യന്തര കലഹം നിമിത്തമാണ്. ഇതേ കലഹത്തിന്റെ ഭാഗമാണ് കെർച്ച് പാലത്തിലെ സ്‌ഫോടനമെന്നും യുക്രെയിൻ വിശദീകരിക്കുന്നു.
റഷ്യയിലെ തന്നെ ചില ഉപജാപക വൃന്ദങ്ങളാകാം പാലം ആക്രമണത്തിനു പുറകിൽ എന്നാണ് ചില പശ്ചാത്യ നയതന്ത്ര വിദഗ്ധരും പറയുന്നത്. പുടിനെ ദുർബലപ്പെടുത്തി അധികാരത്തിൽ നിന്നും പുറത്താക്കാൻ റഷ്യയ്ക്കുള്ളിൽ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നുള്ള റിപ്പോർട്ടുകൾ നേരത്തേയും പുറത്തു വന്നിരുന്നു.