ഇന്നസെന്‍റിന്‍റെ വിയോഗം: കണ്ണീരോടെ മലയാള സിനിമ ലോകം

കൊച്ചി: മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ഇന്നസെന്‍റ് ഞായറാഴ്ച രാത്രി 10.30 ഓടെയാണ് അന്തരിച്ചത്. കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെന്‍റിന്‍റെ മരണ വാർത്ത സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചേർന്ന വിദഗ്ധ മെഡിക്കൽ ബോർഡ് യോഗം പൂർത്തിയായ ശേഷമാണ് മന്ത്രി രാജീവ് മരണ വാർത്ത സ്ഥിരീകരിച്ചത്. രാത്രി 10.30 നാണ് മരണം സ്ഥിരീകരിച്ചതെന്ന് പി രാജീവ് വിശദീകരിച്ചു. 

അര്‍ബുദബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ട് ആഴ്ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 75 ാം വയസിലാണ് അന്ത്യം സംഭവിച്ചത്. 750 ഓളം ചിത്രങ്ങളിൽ അഭിനനയിച്ച ഇന്നസെന്‍റ്  1972 – ൽ ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. ചാലക്കുടി എം പിയായും പ്രവർത്തിച്ച അദ്ദേഹത്തിന്‍റെ ഏറെക്കാലം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനവും അലങ്കരിച്ചിരുന്നു.

ഇന്നസെന്‍റിന്‍റെ മൃതദേഹം രാവിലെ 6.30 ന്  ആശുപത്രിയില്‍ നിന്നും കൊണ്ടുപോകും. തുടര്‍ന്ന് രാവിലെ എട്ട് മണി മുതല്‍ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ പൊതു ദര്‍ശനം നടത്തും.  പിന്നീട് ഉച്ചയ്ക്ക് ഒരു മണിക്ക് ഇരിങ്ങാലക്കുട ടൌണ്‍ ഹാളില്‍ പൊതുദര്‍ശനം നടത്തും. അതേ സമയം മലയാള സിനിമ രംഗത്തെ മികച്ച സംഘാടകനായ ഇന്നസെന്‍റിന്‍റെ മരണത്തില്‍ സോഷ്യല്‍ മീഡിയയിലും മറ്റും അനുശോചനം രേഖപ്പെടുത്തുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
Exit mobile version