ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിൽ നാല് മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ് ഇന്ത്യയിൽ കൂടുതൽ പേർക്ക് തൊഴിൽ നഷ്ടമാകുന്നതായാണ് സൂചന. ദേശീയ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്ക് മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിന് മുന്നിലുള്ള ഒരു പ്രധാന വെല്ലുവിളിയായി തീരും.
രാജ്യവ്യാപകമായി തൊഴിലില്ലായ്മ നിരക്ക് മാർച്ചിലെ 7.8 ശതമാനത്തിൽ നിന്ന് ഏപ്രിലിൽ 8.11 ശതമാനമായി ഉയർന്നു, ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യ ഇക്കണോമിയുടെ കണക്കുകൾ പ്രകാരം, നഗരങ്ങളിലെ തൊഴിലില്ലായ്മ ഇതേ കാലയളവിൽ 8.51 ശതമാനത്തിൽ നിന്ന് 9.81 ശതമാനമായി ഉയർന്നപ്പോൾ ഗ്രാമപ്രദേശങ്ങളിൽ ഇത് ഒരു മാസം മുമ്പ് 7.47 ശതമാനത്തിൽ നിന്ന് ഏപ്രിലിൽ 7.34 ശതമാനമായി കുറഞ്ഞു.
നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായി സിഎംഐഇയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഗ്രാമീണ തൊഴിൽ സേനയിൽ ചേർന്ന 94.6% ആളുകൾക്ക് ജോലി ലഭിച്ചു, അതേസമയം നഗരപ്രദേശങ്ങളിൽ 54.8% അന്വേഷകർ മാത്രമാണ് പുതിയ ജോലികൾ കണ്ടെത്തിയത്. സിഎംഐഇയുടെ കണ്ടെത്തൽ ഗ്രാമപ്രദേശങ്ങളിൽ സർക്കാരിന്റെ തൊഴിലുറപ്പ് പദ്ധതിക്കുള്ള ആവശ്യം കുറയുന്നു എന്ന വസ്തുതയെ കണക്കുകൾ സ്ഥിരീകരിക്കുന്നു.
ജനുവരി മുതൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് കീഴിലുള്ള ജോലിയുടെ ആവശ്യം മിതമായതായി റിസർവ് ബാങ്ക് ഏപ്രിലിലെ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു. സ്വകാര്യ കമ്പനികൾ നിയമനം പരിമിതപ്പെടുത്തുന്നതും ജോലി തേടുന്നവർക്ക് തിരിച്ചടിയാകുന്നുണ്ട്. ആഗോള തലത്തിൽ തന്നെ വാൻ പിരിച്ചുവിടലുകളാണ് നടക്കുന്നത്