31.7 C
Kottayam
Thursday, April 25, 2024

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; വാഹന വില്‍പ്പനയില്‍ വന്‍ ഇടിവ്, ഫാക്ടറികള്‍ക്ക് പൂട്ടുവീഴുന്നു, തൊഴില്‍ നഷ്ടമായത് 2.3 ലക്ഷം ആളുകള്‍ക്ക്

Must read

ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ക്ക് വന്‍ തിരിച്ചടി. അശോക് ലെയ്ലാന്റ്, ടി.വി.എസ്, ഹീറോ, മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്സ് തുടങ്ങിയ വന്‍കിട കമ്പനികള്‍ തെരഞ്ഞെടുത്ത നിര്‍മ്മാണ യൂണിറ്റുകള്‍ താല്‍ക്കാലികമായി അടച്ചു. വാഹനനിര്‍മ്മാണ മേഖലയില്‍ താല്‍ക്കാലിക ജീവനക്കാരെ വന്‍കിട കമ്പനികളടക്കം കൂട്ടത്തോടെ പിരിച്ചുവിടുകയാണ്. തുടര്‍ച്ചയായ പത്ത് മാസങ്ങളിലെ വാഹന വില്‍പന ക്രമാനുഗതമായി കുറയുന്ന സാഹചര്യത്തിലാണ് നടപടി.

രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് വാഹന വില്‍പ്പനയില്‍ സമീപ വര്‍ഷങ്ങളില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഉല്‍പാദനം കുറയ്ക്കാനാണ് കമ്പനികളുടെ തീരുമാനം. മാന്ദ്യം തുടര്‍ന്നാല്‍ കൂടുല്‍ നിര്‍മ്മാണ യൂണിറ്റുകള്‍ അടച്ചേക്കുമെന്നാണ് സൂചന. സ്പെയര്‍പാര്‍ട്സ് കമ്പനികളും നിര്‍മ്മാണം വന്‍തോതില്‍ കുറച്ചെന്നാണ് റിപ്പോര്‍ട്ട്.

ഹീറോ കമ്പനിയുടെ നിര്‍മ്മാണ യൂണിറ്റുകള്‍ കഴിഞ്ഞ നാലുദിവസമായി അടച്ചിട്ടിരിക്കുകയാണ്. ടാറ്റയുടെ ജംഷഡ്പൂരിലെ പ്ലാന്റ് കഴിഞ്ഞ രണ്ടുദിവസമായി അടച്ചിട്ടിരിക്കുകയാണ്. ഈ മാസംതന്നെ മൂന്നാം തവണയാണ് ടാറ്റയുടെ പ്ലാന്റുകള്‍ രണ്ടുദിവസം വീതം അടച്ചിടുന്നത്. മൂവായിരത്തലധികം താല്‍ക്കാലിക ജീവനക്കാരെ സമീപ ദിവസങ്ങളിലായി പിരിച്ചുവിട്ടെന്ന് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍ ഭാര്‍ഗവ പറഞ്ഞു.
ടാറ്റാ മോട്ടോഴ്സ് ഉല്‍പാദനം ഗണ്യമായി കുറയ്ക്കുമെന്ന് അറിയിച്ചു. ഷിഫ്റ്റുകളനുസരിച്ച് കരാര്‍ ജീവനക്കാരെ ഒഴിവാക്കും. ടി.വി.എസിന്റെ സ്പെയര്‍ പാര്‍ട്സ് നിര്‍മ്മാണ ശാലകളില്‍ പ്രവൃത്തി രഹിത ദിനങ്ങള്‍ പ്രഖ്യാപിച്ചു. ബോഷ് തമിഴ്‌നാട്ടിലെയും മഹാരാഷ്ട്രയിലെയും ഫാക്ടറികള്‍ 13 ദിവസം അടച്ചിടും. തത്സമയം തങ്ങളുടെ കമ്പനിയില്‍ ജോലിദിവസങ്ങള്‍ കുറച്ചിട്ടില്ലെന്നും സാഹചര്യം വഷളാകുന്ന പക്ഷം ആദ്യഘട്ടം കരാര്‍ തൊഴിലാളികളെ പിരിട്ടുവിടാനാണ് തീരുമാനമെന്നും ഹ്യുണ്ടായി വൈസ് പ്രസിഡന്റ് വി.സി ദത്ത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സ്‌പെയര്‍പാര്‍ട്‌സ് നിര്‍മാണമേഖലയില്‍ 11 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ പത്ത് വാഹനനിര്‍മ്മാണ ഹബ്ബുകളിലൊന്നായ ചെന്നൈയില്‍ രണ്ട് മാസത്തിനിടെ അയ്യായിരം തൊഴിലാളികളെ പിരിച്ചുവിട്ടു.
ജൂലൈയില്‍ വാഹന വില്‍പ്പന വിപണിയില്‍ 19 ശതമാനമാണ് ഇടിവ്. നിര്‍മാണത്തിലും 11 ശതമാനം കുറവുണ്ടായി. കാര്‍ വില്‍പ്പനയില്‍ മുന്‍വര്‍ഷത്തെക്കാള്‍ 31 ശതമാനമാണ് ഇടിവ്. മാന്ദ്യം രൂക്ഷമായ കഴിഞ്ഞ നാലുമാസത്തിനിടെ 226 വില്‍പനശാലകള്‍ അടച്ചിട്ടു. ഇതുവഴി രാജ്യത്തൊട്ടാകെ മൂന്നര ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്.

2000 ഡിസംബറിനുശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണിത്. ചെറുകിട കാറുകളുടെ വില്‍പ്പനയിലാണ് മാന്ദ്യം രൂക്ഷമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം, അത്യാഢംബര വാഹനങ്ങളുടെ വില്‍പനയില്‍ കുറവില്ല. ആഭ്യന്തര വാഹനവില്‍പനയില്‍ കുറവ് വന്നതിനോടൊപ്പം സ്‌കൂട്ടര്‍,മോട്ടോര്‍ സൈക്കിള്‍ തുടങ്ങിയവയുടെ വിദേശ കയറ്റുമതിയും കുറഞ്ഞതായി ടി.വി.എസ് മോട്ടോര്‍ കമ്പനി കേന്ദ്രങ്ങള്‍ അറിയിച്ചു. ഇന്ത്യയുടെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ ഏഴ് ശതമാനം മോട്ടോര്‍വാഹന നിര്‍മാണ മേഖലയില്‍നിന്നാണ്. വിപണി പിടിച്ചുനിര്‍ത്തുന്നതില്‍ വാഹനമേഖലയ്ക്ക് നിര്‍ണായക പങ്കാണുള്ളത്.
ആഗോള സാമ്പത്തിക മേഖലയിലുണ്ടായിരിക്കുന്ന തകര്‍ച്ചയും കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യയില്‍ ഒരുവര്‍ഷത്തിനിടെ മുന്നൂറോളം ഡീലര്‍മാര്‍ ഷോറൂമുകള്‍ അടച്ചുപൂട്ടിയതായും 2.3 ലക്ഷം പേര്‍ക്ക് ജോലി നഷ്ടമായെന്നുമാണ് കണക്കാക്കപ്പെടുന്നത്. നിലവിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് ജി.എസ്.ടി 28 ശതമാനത്തില്‍നിന്ന് 18 ശതമാനമായി കുറയ്ക്കുക, ഡീസല്‍ വാഹനങ്ങള്‍ക്ക് പത്ത് വര്‍ഷവും പെട്രൊള്‍ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും പെര്‍മിറ്റ് അനുവദിക്കുക, രജിസ്ട്രേഷന്‍ സെസ് കുറയ്ക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഉയര്‍ന്നുവരുന്ന ആവശ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week