ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് വിജയം പരമ്പര,മൂന്നാം കളിയും പുറത്തിരുന്ന് കണ്ട് മലയാളിതാരം സഞ്ജു വി സാംസണ്‍
നാഗ്പൂര്‍: ബംഗ്ലാദേശിനെ 30 റണ്‍സിന് കെട്ടുകെട്ടിച്ച് മൂന്നു മല്‍സരങ്ങളുടെ ട്വന്റി 20 പരമ്പര ഇന്ത്യ 2-1ന് നേടി. ഫൈനലിനു തുല്യമായ മൂന്നാമത്തെ മല്‍സരത്തില്‍ ഒരു ഘട്ടത്തില്‍ ബംഗ്ലാദേശ് അട്ടിമറി ജയം നേടുമെന്ന് കരുതിയെങ്കിലും നിര്‍ണായക വിക്കറ്റുകള്‍ സ്വന്തമാക്കി ഇന്ത്യ കളി വരുതിലാക്കുകയായിരുന്നു. ഹാട്രിക്കുള്‍പ്പെടെ ആറു വിക്കറ്റുകള്‍ കൊയ്ത പേസര്‍ ദീപക് ചഹറാണ് ഇന്ത്യയുടെ വിജയശില്‍പ്പി. 3.2 ഓവറില്‍ ഏഴു റണ്‍സ് മാത്രം വഴങ്ങിയാണ് താരം ആറു പേരെ പുറത്താക്കിയത്. അന്താരാഷ്ട്ര ട്വന്റി 20 യില്‍ ഒരു താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് ചഹര്‍ ഇതോടെ സ്വന്തം പേരില്‍ കുറിച്ചത്. കൂടാതെ ഇരുപതാേവര്‍മത്സരത്തില്‍ ഇന്ത്യക്കായി ഹാട്രിക് കൊയ്ത ആദ്യ താരമായും ചഹര്‍ മാറി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റിന് 174 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന സ്‌കോറാണ് പടുത്തുയര്‍ത്തിയത്. മറുപടിയില്‍ 19.2 ഓവറില്‍ 144 റണ്‍സിന് ബംഗ്ലാദേശ് കൂടാരം കയറി. 18ാം ഓവറിലെ അവസാന പന്തില്‍ ഷഫിയുലിനെ പുറത്താക്കിയ ചഹര്‍ 20ാം ഓവറിലെ ആദ്യ രണ്ടു പന്തുകളിലും വിക്കറ്റ് കൊയ്ത് ഹാട്രിക്ക് പൂര്‍ത്തിയാക്കുകയായിരുന്നു.
ഓപ്പണര്‍ മുഹമ്മദ് നയീം (81) കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് കാഴ്ച വച്ചെങ്കിലും മറ്റുള്ളവരില്‍ നിന്ന് പിന്തുണ ലഭിച്ചില്ല. വെറും 48 പന്തിലാണ് 10 ബൗണ്ടറികളും രണ്ടു സിക്സറുമടക്കം നയീം 81 റണ്‍സ് വാരിക്കൂട്ടിയത്. മുഹമ്മദ് മിഥുനാണ് (27) രണ്ടക്കം കടന്ന മറ്റൊരു താരം. മൂന്നാം വിക്കറ്റില്‍ നയീം-മിഥുന്‍ സഖ്യം 98 റണ്‍സിന്റെ കൂട്ടുകെട്ടുമായി മുന്നേറിയപ്പോള്‍ ഇന്ത്യ തോല്‍വി മുന്നില്‍ കണ്ടിരുന്നു. എന്നാല്‍ മിഥുനിന്റെ പുറത്താവല്‍ കളിയിലെ വഴിത്തിരിവായി. പിന്നീട് ഒരു സഖ്യത്തെയും ഇന്ത്യ അധികനേരം ക്രീസില്‍ നിര്‍ത്തിയില്ല.
ബംഗ്ലാദേശിന്റെ ടോപ്സ്‌കോററായ നയീമിനെയും അപകടകാരിയായ മുഷ്ഫിഖുര്‍ റഹീമിനെയുമടക്കം മൂന്നു വിക്കറ്റുകള്‍ ശിവം ദുബെ ഈ കളിയില്‍ നേടി. മുഷ്ഫിഖുറിനെ താരം ഗോള്‍ഡന്‍ ഡെക്കാക്കിയാണ് തിരിച്ചയച്ചത്. അഫീഫ് ഹുസൈനെയും ദുബെ ആദ്യ പന്തില്‍ തന്നെ മടക്കി.
നേരത്തേ ടോസിനു ശേഷം ബാറ്റിങിനയക്കപ്പെട്ട ഇന്ത്യ അഞ്ചു വിക്കറ്റിനാണ് 174 റണ്‍സ് നേടിയത്. കഴിഞ്ഞ കളിയിലെ ഹീറോയും ക്യാപ്റ്റനുമായ രോഹിത് ശര്‍മയെ (2) തുടക്കത്തില്‍ നഷ്ടമായെങ്കിലും ശ്രേയസ് അയ്യരും (62) ലോകേഷ് രാഹുലും (52) രക്ഷകരാവുകയായിരുന്നു. തകര്‍പ്പന്‍ ഇന്നിങ്സുകളാണ് ഇരുവരും കാഴ്ചവച്ചത്. 33 പന്തില്‍ അഞ്ചു സിക്സറുകളും മൂന്നു ബൗണ്ടറികളുമുള്‍പ്പെട്ടതായിരുന്നു ശ്രേയസിന്റെ ഇന്നിങ്സ്. 35 പന്തില്‍ ഏഴു ബൗണ്ടറികളോടയാണ് രാഹുല്‍ 52 റണ്‍സെടുത്തത്.
മനീഷ് പാണ്ഡെ (22*), ശിഖര്‍ ധവാന്‍ (19) എന്നിവരാണ് രണ്ടക്ക സ്‌കോര്‍ നേടിയ മറ്റു താരങ്ങള്‍. ഒമ്പത് റണ്‍സുമായി ശിവം ദുബെ പാണ്ഡെയോടൊപ്പം പുറത്താവാതെ നിന്നു. എന്നാല്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് (6) ഈ കളിയിലും ഫ്ളോപ്പായി മാറി. ബംഗ്ലാദേശിനു വേണ്ടി ഷഫിയുല്‍ ഇസ്ലാമും സൗമ്യ സര്‍ക്കാരും രണ്ട് വിക്കറ്റ് വീതം നേടി. തുടര്‍ച്ചയായ മൂന്നാമത്തെ മല്‍സരത്തിലും മലയാളി താരം സഞ്ജു സാംസണിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് ഇന്ത്യ ഇറങ്ങിയത്. രണ്ടാം ടി20യില്‍ ജയിച്ച ടീമില്‍ ഒരു മാറ്റം ഇന്ത്യ വരുത്തിയിരുന്നു. ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യക്കു പകരം മനീഷ് പാണ്ഡെയൊണ് ടീമിലെത്തിയത്