ന്യൂഡല്‍ഹി : കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ തെക്കന്‍ പാംഗോങ് മേഖലയില്‍ ചൈന ടാങ്കുകളും കാലാള്‍പ്പടയും വിന്യസിച്ചതോടെ ഇന്ത്യന്‍ സൈന്യം അതീവ ജാഗ്രതയിലാണ് . കഴിഞ്ഞയാഴ്ച ചൈനീസ് സൈന്യം നടത്തിയ അധിനിവേശം ചെറുക്കുകയും പ്രധാനപ്പെട്ട പല പ്രദേശങ്ങളും ഇന്ത്യന്‍ സൈന്യം കൈപ്പിടിയിലാക്കുകയും ചെയ്തതിനു പിന്നാലെയാണ് ചൈനയുടെ നീക്കം.
ഇന്ത്യന്‍ സൈന്യവും സുസജ്ജമാണ്. ടാങ്കുകളുള്‍പ്പെടെ വിന്യസിച്ചിട്ടുണ്ട്. മാത്രമല്ല, മറ്റൊരു സംഘം ഏതുനിമിഷവും ഉയര്‍ന്ന പ്രദേശമായ ഇങ്ങോട്ടേക്ക് എത്താന്‍ തയാറായി നില്‍ക്കുകയാണ്. ഉയര്‍ന്ന പ്രദേശങ്ങള്‍ കൈപ്പിടിയിലായതിനാല്‍ ഇന്ത്യന്‍ കാലാള്‍പ്പടയ്ക്കും ചൈനീസ് സേനയെ നേരിടാന്‍ സാധ്യമാകും. ടാങ്ക് – വേധ മിസൈലുകള്‍, റോക്കറ്റുകള്‍ മറ്റ് ആയുധങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് ചൈനീസ് സേനയെ നേരിടാനാകും. നിലവില്‍ മിസൈല്‍ശേഷിയുള്ള ടി-90 ബാറ്റില്‍ ടാങ്കും ടി-72എം1 ടാങ്കുകളും കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ ഉപയോഗിക്കുന്നുണ്ട്.
എല്‍എസിക്കു സമീപം ചൈനീസ് വ്യോമസേനയെയും വിന്യസിച്ചിട്ടുണ്ട്. ടിബറ്റിലെ എന്‍ഗാരി-ഗുന്‍സ, ഹോട്ടന്‍ വ്യോമ താവളങ്ങളില്‍നിന്ന് പറന്നുയര്‍ന്ന യുദ്ധവിമാനങ്ങള്‍ അതിര്‍ത്തിക്കടുത്ത് നിരീക്ഷണം നടത്തുന്നുണ്ട്. ഇന്ത്യന്‍ കരുത്തായ സുഖോയ് 30 യുദ്ധവിമാനങ്ങളുടെ ചൈനീസ് നിര്‍മിത പകര്‍പ്പുകളാണ് അവര്‍ക്കുള്ളത്. ഇന്ത്യന്‍ വ്യോമസേനയും ചൈനീസ് വ്യോമസേനയും ഇലക്ട്രോണിക് വാണിങ് സപ്പോര്‍ട്ട് എയര്‍ക്രാഫ്റ്റുകളും മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.
വടക്കേ ഇന്ത്യയിലെ വ്യോമതാവളങ്ങളില്‍ അതിര്‍ത്തിയിലെ പ്രശ്‌നത്തിലിടപെടാന്‍ ലക്ഷ്യമിട്ട് അനവധി യുദ്ധവിമാനങ്ങള്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. ചൈനീസ് സൈന്യത്തിന്റെ നീക്കങ്ങള്‍ക്ക് അനുസരിച്ചായിരിക്കും ഇന്ത്യയുടെ മറുപടി. അതിനിടെ, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ബദൗരിയ വടക്കുകിടക്കന്‍ മേഖലയിലെ വ്യോമതാവളങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.