ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന വനിതാ വിനോദ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി യുകെയും യുഎസും. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയിരക്കുന്നത്. ദുരനുഭവങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ പൊലീസ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈപ്പറ്റണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. പൊലീസ് ഇംഗ്ലീഷ് പരിഭാഷ നല്‍കണമെന്ന് നിര്‍ബന്ധമില്ലെന്നും എന്നാല്‍ പരാതിക്കാരി റിപ്പോര്‍ട്ടില്‍ ഒപ്പ് വയ്ക്കുന്നതിന് മുമ്പ് റിപ്പോര്‍ട്ടിന്റെ ഇംഗ്ലീഷ് പരിഭാഷ കേട്ട ശേഷം മാത്രം ഒപ്പുവച്ചാല്‍ മതിയെന്ന് നിര്‍ദേശത്തില്‍ പറയുന്നു.
വനിതാ വിനോദ സഞ്ചാരികളോട് ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. ബ്രിട്ടീഷ് പൗരയായ ഒരു യുവതി ആക്രമണത്തിനിരയായാല്‍ ഇരയെന്ന നിലയില്‍ അവരുടെ അവകാശങ്ങളേകുറിച്ചും അവര്‍ക്ക് ലഭിക്കേണ്ട നിയമ പരിരക്ഷയെ കുറിച്ചും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കകത്ത് മാത്രം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പീഡന കേസുകളുടെ എണ്ണം ഞെട്ടിക്കുന്നതായിരുന്നു. രാജ്യത്തെ നടുക്കിയ ഹൈദരാബാദ് പീഡനം മുതല്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കൊല്ലം പീഡനക്കേസ് വരെ ഞെട്ടിക്കുന്ന ഈ കണക്കുകള്‍ ആഗോള ഭൂപടത്തില്‍ ഇന്ത്യയുടെ സല്‍പ്പേരിന് കോട്ടം വരുത്തുന്നതാണ്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്ക് നിര്‍ദേശവുമായി അധികൃതര്‍ രംഗത്തെത്തിയത്.