ഇടുക്കി:ജലനിരപ്പ് പരമാവധി സംഭരണശേഷിയിൽ എത്തിയതോടെ ഇടുക്കി അണക്കെട്ടിൻ്റെ ഒരു ഷട്ടർ ഉയർത്തി.മൂന്നാം നമ്പർ ഷട്ടർ 40 സെൻ്റീമീറ്റർ ഉയർത്തി 40 ചതുരശ്ര ഘന അടി വെള്ളമാണ് ഒരു സെക്കണ്ടിൽ പുറത്തേക്ക് ഒഴുക്കുന്നത്.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ രണ്ടു സ്പിൽവേ ഷട്ടറുകളും രാവിലെ തുറന്നിരുന്നു 772 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുകിയെത്തുന്നത്.അണക്കെട്ടിലെ ജലനിരപ്പ് 141 അടിയിലേക്ക് എത്തിയിരുന്നു.രാവിലെ എട്ടുമണിയോടെയാണ് ഷട്ടറുകൾ തുറന്നത്.പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിൻ്റെ അളവ് വൈകാതെ ഇരട്ടിയാക്കും
ഇന്നലെ രാത്രി കല്ലാർ അണക്കെട്ടും തുറന്നിരുന്നു.നിലവിൽ മഴ മാറിനിൽക്കുകയാണെങ്കിലും ഹൈറേഞ്ച് ഉൾപ്പെടെയുള്ള മേഖലകളിൽ ഇന്നലെ രാത്രി ശക്തമായ മഴയാണ് ലഭിച്ചത്. രാത്രി 12 മണിവരെയും തുടർച്ചയായി മഴ പെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മുല്ലപ്പെരിയാറിലെയും ഇടുക്കിയിലെയും ജലനിരപ്പ് വർധിച്ചത്.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നിലവിലെ അപ്പർ റൂൾ കർവായ 141 അടിയിലേക്ക് എത്തിക്കഴിഞ്ഞു. നവംബർ 20 വരെയാണ് ഈ അപ്പർ റൂൾ കർവുള്ളത്. അതിനു ശേഷം അപ്പർ റൂൾ കർവ് 142 അടിയാകും. അപ്പർ റൂൾ കർവായ 141 അടിയിലേക്ക് എത്തിയ സാഹചര്യത്തിലാണ് സ്പിൽവേ ഷട്ടറുകൾ ഉയർത്തുന്ന കാര്യം തമിഴ്നാട് അറിയിച്ചത്. ഇക്കാര്യം തമിഴ്നാട് സർക്കാർ ഔദ്യോഗികമായി കേരള സർക്കാരിനെയും അറിയിച്ചിട്ടുണ്ട്.ഒക്ടോബർ 29-നാണ് ഒടുവിൽ സ്പിൽവേ ഷട്ടറുകൾ തുറന്നത്.
കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. മലയോര മേഖലയില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ടാണെങ്കിലും ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.