34 C
Kottayam
Friday, April 19, 2024

അനുമോളുടെ കൊലപാതകം: ഒളിവിലായിരുന്ന ഭർത്താവ് വിജേഷ് അറസ്റ്റിൽ

Must read

തൊടുപുഴ: ഇടുക്കി കാഞ്ചിയാറിൽ അധ്യാപികയായ അനുമോളെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് വിജേഷ് പിടിയിൽ. കുമളിക്കു സമീപം തമിഴ്നാട് അതിർത്തിയിലെ വനമേഖലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അനുമോളുടെ മരണം പുറത്തറിഞ്ഞതിനു പിന്നാലെയാണ് ഇയാൾ ഒളിവിൽ പോയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് വീട്ടിലെ കിടപ്പുമുറിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനടിയിൽ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്.

തലയ്ക്കു ക്ഷതമേറ്റു രക്തം വാർന്നാണു മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കേസിൽ പ്രതിയെന്ന് പൊലീസ് സംശയിക്കുന്ന വിജേഷിനെ ഈ മാസം 21 മുതൽ കാണാനില്ലായിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ കുമളി അട്ടപ്പള്ളത്തിനു സമീപം തമിഴ്‌നാട് അതിർത്തിയിലെ വനത്തിൽ നിന്നു പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നു നടത്തിയ തിര‌ച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടിയത്.

കാഞ്ചിയാർ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപികയായിരുന്നു അനുമോൾ. 17ന് സ്കൂളിലെത്തിയ യുവതി പിറ്റേദിവസം നടക്കാനിരിക്കുന്ന സ്‌കൂൾ വാർഷികാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കിയാണ് വീട്ടിലേക്കു മടങ്ങിയത്. എന്നാൽ വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ അനുമോൾ സ്കൂളിലെത്തിയില്ല. മകൾ വീട്ടിൽനിന്ന് ഇറങ്ങിപ്പോയെന്ന് അനുമോളുടെ മാതാപിതാക്കളായ പീരുമേട് പാമ്പനാർ പാമ്പാക്കട ജോൺ, ഫിലോമിന എന്നിവരെ ഭർത്താവ് വിജേഷ് ഫോണിൽ വിളിച്ചറിയിച്ചു. വിവരമറിഞ്ഞ് ദമ്പതികൾ വീട്ടിലെത്തിയെങ്കിലും കിടപ്പുമുറിയിലേക്ക് കയറാതിരിക്കാൻ വിജേഷ് ശ്രദ്ധിച്ചു. തുടർന്ന് കട്ടപ്പന പൊലീസിൽ അനുമോളെ കാണാനില്ലെന്നു പരാതി നൽകി.

പിന്നീട് ഏകമകളെ വിജേഷ് വെങ്ങാലൂർക്കടയിലുള്ള തന്റെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. അനുമോളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. എന്നാൽ തിങ്കളാഴ്ച അനുമോളുടെ ഫോണിലേക്കു വീട്ടുകാർ വിളിച്ചപ്പോൾ ബെല്ലടിക്കുകയും കട്ടാക്കുകയും ചെയ്തു. ചൊവ്വാഴ്ച സ്റ്റേഷനിലെത്തി കേസന്വേഷണത്തിന്റെ പുരോഗതി തിരക്കിയശേഷം അനുമോളുടെ മാതാപിതാക്കളും സഹോദരൻ അലക്‌സും വൈകിട്ട് ആറോടെ പേഴുംകണ്ടത്തെ വീട്ടിൽ എത്തി. വീട് പൂട്ടിയിരുന്നതിനാൽ തള്ളിത്തുറന്ന് അകത്തുകയറിയപ്പോൾ ദുർഗന്ധം അനുഭവപ്പെടുകയായിരുന്നു. പരിശോധനയ്ക്കിടെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ കമ്പിളിപുതപ്പ് മാറ്റിയപ്പോഴാണ് മൃതദേഹം കണ്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week