ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധിക്കണം എന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഭക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേ ആണ് സുപ്രീം കോടതിയുടെ നിരീക്ഷണം. പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നതിന് പകരം തൊഴില്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ഇത്രയും വലിയ തോതില്‍ റേഷന്‍ നല്‍കുന്ന പതിവ് തുടരുകയാണെങ്കില്‍ ഭക്ഷ്യ ധാന്യങ്ങള്‍ നല്‍കാനുള്ള ബാധ്യത കേന്ദ്രത്തിനാണെന്ന് അറിയാവുന്നതിനാല്‍ ജനങ്ങളെ തൃപ്തിപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ റേഷന്‍ കാര്‍ഡ് വിതരണം തുടരുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. റേഷന്‍ കാര്‍ഡ് വിതരണം തുടരുകയാണെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് റേഷന്‍ നല്‍കേണ്ടതുണ്ടോയെന്നും കോടതി ആരാഞ്ഞു.
‘സൗജന്യ റേഷന്‍ നല്‍കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടാല്‍, സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി അവരില്‍ പലരും തങ്ങള്‍ക്ക് കഴിയില്ലെന്ന് പറയും. അതിനാല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്,” കോടതി പറഞ്ഞു. അതേസമയം ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2013 പ്രകാരം 80 കോടി പാവപ്പെട്ടവര്‍ക്ക് ഗോതമ്പിന്റെയും അരിയുടെയും രൂപത്തില്‍ സര്‍ക്കാര്‍ സൗജന്യ റേഷന്‍ നല്‍കുന്നുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
എന്നിരുന്നാലും, ഏകദേശം 2 മുതല്‍ 3 കോടി വരെ ആളുകള്‍ ഇപ്പോഴും പദ്ധതിയില്‍ നിന്ന് പുറത്താണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ എഫ് എസ് എയ്ക്ക് കീഴില്‍ റേഷന്‍ കാര്‍ഡുകള്‍ / ഭക്ഷ്യധാന്യങ്ങള്‍ എന്നിവയ്ക്ക് അര്‍ഹരും അതാത് സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവ തിരിച്ചറിഞ്ഞിട്ടുള്ളവരുമായ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളും ദുരവസ്ഥയും ഉയര്‍ത്തിക്കാട്ടുന്ന ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.
ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് മന്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്. ഇ-ശ്രമം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കുടിയേറ്റ തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ നല്‍കാന്‍ നിര്‍ദേശം നല്‍കണമെന്ന് ഒരു എന്‍ജിഒയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു. കേന്ദ്രം നല്‍കുന്ന സൗജന്യ റേഷന്‍ പ്രയോജനപ്പെടുത്താന്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ എത്ര കാലത്തേക്ക് ഇത് സൗജന്യമായി നല്‍കാനാകും എന്നും ഈ കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴിലവസരങ്ങള്‍, ശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവയ്ക്കായി എന്തുകൊണ്ട് പ്രവര്‍ത്തിക്കുന്നില്ല കോടതി ചോദിച്ചു. 2021 ല്‍ സെന്‍സസ് നടത്തിയിരുന്നെങ്കില്‍ കുടിയേറ്റ തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിക്കുമായിരുന്നു എന്നാല്‍ കേന്ദ്രം ഇപ്പോള്‍ ആശ്രയിക്കുന്നത് 2011 ലെ സെന്‍സസ് ഡാറ്റയാണ് എന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.