കാസർകോട്: ഇരുപത്തിനാലുകാരനൊപ്പം വീട്ടമ്മ ഒളിച്ചോടിയെന്ന് വ്യാജപ്രചരണം. സോഷ്യൽമീഡിയ ഉപയോഗിച്ച് ഇത്തരത്തിൽ പ്രചരണം നടത്തിയവർക്കെതിരെ വീട്ടമ്മ പരാതി നൽകിയെങ്കിലും പൊലീസ് നടപടിയെടുത്തില്ല. വീട്ടമ്മയുടെ സ്വന്തം മകൻ കൂടെ ഉൾപ്പെട്ട ഗ്രൂപ്പിലാണ് വീട്ടമ്മയ്ക്ക് എതിരെ ഒരു യുവാവ് അപവാദ പ്രചരണം ലക്ഷ്യം വച്ച് ചിത്രം പോസ്റ്റ് ചെയ്തത്. കാസർകോട് ജില്ലയിലാണ് സംഭവം.
വീട്ടമ്മയായ ഹേമലതയാണ് പരാതി നൽകിയത്. സുഹൃത്തിന്റെ യാത്രയയപ്പിന് സമൂഹമാധ്യമത്തിലിട്ട ഫോട്ടോ ഒളിച്ചോടി എന്ന തരത്തിൽ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇതിനിടെ അപവാദപ്രചരണം നടത്തിയ യുവാവിനെ ഹേമലത തന്നെ കണ്ടെത്തി പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും അവിടെ വച്ച് മാപ്പ് പറയിക്കുകയും ചെയ്തു.
സ്വന്തം സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവുമായി വീട്ടമ്മ ഒളിച്ചോടി എന്ന തരത്തിലായിരുന്നു വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ച വ്യാജസന്ദേശം. ഹേമലതയുടെ മകൻ കൂടെ ഉൾപ്പെട്ട ഗ്രൂപ്പിലാണ് ഇത്തരത്തിലൊരു സന്ദേശം വന്നത്. ചെമ്മട്ടംവയിലിൽ അക്ഷയ കേന്ദ്രം നടത്തുന്ന വീട്ടമ്മ ഒപ്പം ജോലി ചെയ്തിരുന്ന ഇരുപത്തിനാല് വയസുള്ള യുവാവിനൊപ്പം ഒളിച്ചോടി എന്നായിരുന്നു വാട്സാപ്പിലൂടെ പ്രചരിച്ച സന്ദേശം. ഹേമലത മറ്റൊരു യുവാവുമായി നിൽക്കുന്ന ഫോട്ടോ ഉൾപ്പെടെയാണ് വാട്സാപ്പ് ഗ്രൂപ്പുകളിൽ വ്യാജസന്ദേശം പ്രചരിച്ചത്.
തനിക്കെതിരെ അപകീർത്തിപരമായ വ്യാജസന്ദേശം പ്രചരിച്ചതിനെ തുടർന്ന് വീട്ടമ്മ പൊലീസിനെ പരാതിയുമായി സമീപിച്ചു. എന്നാൽ, വ്യക്തിഹത്യ നടത്തിയവരെ പിടികൂടാൻ കൃത്യമായ നിയമം ഇല്ലെന്ന് ആയിരുന്നു ബേക്കൽ പൊലീസ് പറഞ്ഞത്. നിയമത്തിന്റെ പേര് പറഞ്ഞ് പരാതിക്കാരിയെ പൊലീസ് കയ്യൊഴിയുകയും ചെയ്തു. ഐടി ആക്ടിലെ 66 (എ) സുപ്രീംകോടതി എടുത്തു കളഞ്ഞിരുന്നു. പകരം വകുപ്പില്ലാത്തതാണ് കേസെടുക്കുന്നതിൽ നിന്ന് പൊലീസിനെ പിന്നോട്ട് വലിക്കുന്നത്.