ന്യൂനമര്‍ദ്ദം ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; ഈ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലും, അറബിക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തമാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതോടെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കിഴക്കും പടിഞ്ഞാറുമുള്ള ഈ രണ്ട് സിസ്റ്റങ്ങളുടെ പ്രഭാവം കേരളത്തിലെ കാറ്റിന്റെയും മഴയുടെയും സ്വഭാവത്തില്‍ ഓരോ മണിക്കൂറിലും മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്.

ന്യൂനമര്‍ദം നമ്മുടെ പ്രഭാവ മേഖല വിട്ട് പോകുന്നത് വരെ ജാഗ്രത തുടരാനാണ് ദുരന്ത നിവാരണ അതോറിറ്റി സര്‍ക്കാര്‍ സംവിധാനങ്ങളോടും പൊതുജനങ്ങളോടും നിര്‍ദേശിക്കുന്നത്. തുടര്‍ച്ചയായി മാറുന്ന ദൈനംദിന കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ന്യൂനമര്‍ദ പ്രദേശങ്ങളുടെ ശക്തി പ്രാപിക്കലും സഞ്ചാരപഥവും ഓരോ നിമിഷവും കാലാവസ്ഥ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.

Loading...

മഴ കൂടുതലും വൈകുന്നേരങ്ങളിലും രാത്രിയിലുമാകാനാണ് സാധ്യത. തുലാവര്‍ഷവും ന്യൂനമര്‍ദ സ്വാധീനവും കാരണം അടുത്ത ദിവസങ്ങളിലും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായതോ (24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ) ശക്തമായതോ (24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെ) ആയ മഴക്കുള്ള സാധ്യതയുണ്ട്. ഒക്ടോബര്‍ 25 ന് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും ഒക്ടോബര്‍ 26 ന് കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും ഒക്ടോബര്‍ 27 ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും ഒക്ടോബര്‍ 28 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Loading...

Comments are closed, but trackbacks and pingbacks are open.

%d bloggers like this: