ഡോളർക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മൂന്ന് മന്ത്രിമാർക്കുമെതിരെ കസ്റ്റംസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം പുറത്തുവന്നതോടെ വെട്ടിലായിരിക്കുന്നത് സി പി എം ആണ്. വിഷയത്തിൽ സർക്കാരിനെ വെള്ളപൂശിക്കാണിക്കാൻ നിരവധി പേരാണ് രംഗത്ത് വരുന്നത്. സ്വർണക്കടത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് ആണ് ഇപ്പോൾ ഒരു പ്രതിയുടെ മൊഴി, തെളിവില്ലെന്ന് പറഞ്ഞ് കൊണ്ടുതന്നെ ആഘോഷിക്കുന്നതെന്ന് അഭിഭാഷകനായ ഹരീഷ് വാസുദേവൻ പറയുന്നു. കസ്റ്റംസുകാരുടെ മുന്നിലൂടെ തന്നെ എത്രയോ സ്വർണ്ണം നിയമവിരുദ്ധമായി കടത്തി, എന്നിട്ടെത്ര കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പണി പോയി എന്നും ഹരീഷ് വാസുദേവൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്:
വനത്തിൽ നിന്ന് മരം വെട്ടിപ്പോയാൽ ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ ശമ്പളം പിടിക്കും, ആൾ സസ്‌പെൻഷനിൽ ആകും. കഞ്ചാവ് കൃഷിയോ ചാരായം വാറ്റോ പിടിക്കാൻ പരാജയപ്പെട്ടാൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ സസ്‌പെൻഷനിലാകും. തടവുപുള്ളി ജയിൽ ചാടിയാൽ ജയിലിൽ ഡ്യൂട്ടിയിലുള്ള ആളുടെ പണി പോകും.
എത്രയോ സ്വർണ്ണം നിയമവിരുദ്ധമായി കടത്തി, കസ്റ്റംസുകാരുടെ മുന്നിലൂടെ തന്നെ. എന്നിട്ടെത്ര കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പണി പോയി? എന്നിട്ട് കൊണ്ടുവന്ന കള്ളസ്വർണ്ണം എവിടെ? തൊണ്ടി ഇല്ലാത്ത കേസായി ആണോ ഇത് കോടതിയിലെത്തുക?
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരോ വിളിച്ചെന്ന ആരോപണമായിരുന്നു വിവാദത്തിന്റെ തുടക്കം. ആരു വിളിച്ചു? ആരെ വിളിച്ചു? അതുപോലും ഇതുവരെ കണ്ടെത്താൻ കസ്റ്റംസിന് കഴിഞ്ഞിട്ടില്ല. ഉന്നയിച്ച ആളുകൾ അത് മിണ്ടുന്നില്ല.
സ്വർണ്ണ കടത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് ആണ് ഇപ്പോൾ ഒരു പ്രതിയുടെ മൊഴി, തെളിവില്ലെന്ന് പറഞ്ഞത് കൊണ്ടുതന്നെ ആഘോഷിക്കുന്നത്. ഈ കസ്റ്റംസിനും വീഴ്ച പറ്റിയ ഉദ്യോഗസ്ഥർക്കും എതിരെ നടപടി എടുക്കാനല്ലേ സത്യത്തിൽ CPM സമരം നടത്തേണ്ടത്? തൊണ്ടിയില്ലാത്ത കേസ് അന്വേഷണം തുടരട്ടെ.