കോഴിക്കോട്:കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള ലോക്ക് ഡൗണ്‍ നാലാംഘട്ടത്തിലേക്ക് കടന്നതോടെ നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട്് കോഴിക്കോടും കണ്ണൂരും അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങി. കോഴിക്കോട് കുറ്റ്യാടിക്ക് സമീപം പാറക്കടവില്‍ നൂറോളം അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങി. അതേസമയം, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഉത്തര്‍പ്രദേശിലേക്ക് പോകാന്‍ ബസോ ട്രെയിനോ ഉടന്‍ എത്തിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് വളപട്ടണത്ത് നിന്നെത്തിയ അതിഥി തൊഴിലാളികള്‍ പ്രതിഷേധം നടത്തി.
ബിഹാറില്‍നിന്നുള്ള തൊഴിലാളികളാണ് പാറക്കടവില്‍ തെരുവിലിറങ്ങിയത്. പൊലീസ് തൊഴിലാളികളെ വിരട്ടിയോടിച്ചു. ബിഹാറിലേക്ക് 20 ന് ശേഷം മാത്രമേ ട്രെയിനുളളൂ എന്നറിയിച്ചിട്ടും പിരിഞ്ഞുപോകാന്‍ തൊഴിലാളികള്‍ കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്ന് പൊലീസ് വിരട്ടിയോടിക്കുകയായിരുന്നു കണ്ണൂരില്‍ ബഹളം വച്ചത് യുപി, ബീഹാര്‍ സ്വദേശികള്‍ റെയില്‍വേ പാളത്തിലൂടെ നടന്നാണ് റെയില്‍വേ സ്റ്റേഷനിലെത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഡിവൈഎസ് പി തലത്തിലെ ഉദ്യോഗസ്ഥര്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് സുഖവിവരങ്ങള്‍ തിരക്കുകയും സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതിനെ വിശദീരിക്കുന്നുണ്ട്. ട്രെയിന്‍ സര്‍വീസ് തുടങ്ങുമ്പോള്‍ അവരെ യാത്ര അയക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സൈക്കിളില്‍ ഒഡീഷയിലേക്ക് പോകാനൊരുങ്ങിയ 17 പേരെ പൊലീസ് തിരികെ ക്യാമ്പിലേക്ക് അയച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.