ജനുവരിയിലെ ഓണറേറിയം കുടിശ്ശിക അനുവദിച്ച് സർക്കാർ; സമരം അവസാനിപ്പിക്കില്ലെന്ന് ആശാ വർക്കർമാർ

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ ആശാ വർക്കർമാരുടെ സമരം പുരോഗമിക്കുന്നതിനിടയിൽ ജനുവരിയിലെ ഓണറേറിയം കുടിശ്ശിക അനുവദിച്ച് സർക്കാർ. ഇതോടെ മൂന്നുമാസത്തെ കുടിശ്ശികയും തീർത്തു. മൂന്നുമാസത്തെ ഇൻസെന്റീവിലെ കുടിശ്ശികയും അനുവദിച്ചിട്ടുണ്ട്. ആശാവർക്കർമാരുടെ സമരത്തോട് മുഖം തിരിക്കുന്ന നിലപാട് തുടരുമ്പോഴാണ് സർക്കാർ തലത്തിൽ കുടിശ്ശിക കൊടുത്തുതീർക്കുന്നതിന് നടപടിയായിരിക്കുന്നത്.
സമരം തുടങ്ങി പതിനെട്ടാം ദിവസമാണ് ആശമാരുടെ ആറ് ആവശ്യങ്ങളിൽ ഒന്നായ കുടിശ്ശിക തീർക്കാൻ സർക്കാർ തയാറായിരിക്കുന്നത്. 7000 രൂപയിൽ നിന്ന് 21000 രൂപയായി ഓണറേറിയം വർധിപ്പിക്കുക, വിരമിക്കുമ്പോൾ അഞ്ചുലക്ഷം രൂപ പെൻഷൻ അനുവദിക്കുക മുതലായ പ്രധാന ആവശ്യങ്ങളിൽ ഇനിയും സർക്കാർ തലത്തിൽ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. പ്രധാന ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം തണുപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഓണറേറിയം കുടിശ്ശിക അനുവദിച്ചിരിക്കുന്നതെന്നും മറ്റു ആവശ്യങ്ങൾ കൂടി അനുവദിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ആശാവർക്കർമാർ.
കുടിശ്ശിക തന്ന് തീർക്കേണ്ട ബാധ്യത സർക്കാരിന്റേതാണ്. അതിൽ സർക്കാർ വീമ്പ് പറയേണ്ടതില്ല. 232 രൂപയാണ് ഒരു ദിവസം കൂലിയായി ലഭിക്കുന്നത്. ഓണറേറിയം വർധിപ്പിക്കുക എന്നതാണ് പ്രധാന ആവശ്യം. ഞങ്ങള്‍ക്ക് തരാന്‍ ഫണ്ടില്ല, സര്‍ക്കാര്‍ കടത്തിലാണ് എന്ന് പറഞ്ഞിട്ട് ഒരു സുപ്രഭാതതത്തില്‍ പിഎസ്സിക്കാര്‍ക്ക് ലക്ഷങ്ങള്‍ വാരിക്കോരി കൊടുക്കാന്‍ ഫണ്ട് എവിടെ നിന്നാണ് വന്നത്. സമരം നിര്‍ത്തില്ല. സിഐടിയുവിനെ ഉപയോഗിച്ച് സമരം തകർക്കാനുള്ള ശ്രമം വിജയിക്കില്ല. ആശാവർക്കർമാർ പറഞ്ഞു.