30.6 C
Kottayam
Saturday, April 20, 2024

കേരളത്തിലെ പ്രളയവും ഉരുൾപൊട്ടലും: വിദഗ്ധ സമിതി മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകും

Must read

 

തിരുവനന്തപുരം:സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടായ അതിരൂക്ഷ മഴയും അതുമൂലമുണ്ടായ വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലും ഉണ്ടാക്കിയ പ്രതിസന്ധിയെക്കുറിച്ച് പഠിക്കുന്നതിന് സംസ്ഥാന സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതി യോഗം ചേർന്നു. മൂന്ന് മാസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കും. സർക്കാർ തീരുമാനിക്കേണ്ട നയപരമായ മാറ്റങ്ങളും അടിയന്തര സാഹചര്യങ്ങൾ ഭാവിയിൽ നേരിടുന്നതിനുള്ള പദ്ധതികളും റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കും.
അതിശക്തമായ മഴയ്ക്കുള്ള കാരണം പരിശോധിക്കും. ഇത്തരം സമയങ്ങളിൽ ഉണ്ടാകാനിടയുള്ള ആപത്തുകളെക്കുറിച്ച് മുൻകൂട്ടിയറിഞ്ഞ് ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനുള്ള നടപടികൾ ശുപാർശ ചെയ്യും. നിലവിലുള്ള ദുരന്ത സാധ്യതാ പ്രദേശങ്ങളുടെ ഭൂപടങ്ങൾ പുതുക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനോടൊപ്പം ദുരന്തങ്ങൾ ലഘൂകരിക്കാനുള്ള നടപടികളും സ്വീകരിക്കും. സംസ്ഥാനത്ത് ഭൂവിനിയോഗവും ആപത്തുകളെക്കുറിച്ചുമുള്ള പഠനവും നടത്താൻ സമിതി നിശ്ചയിച്ചു.
കേരളത്തിലെ ദുരന്തമേഖല സന്ദർശിക്കുന്നതിന്റെ ഭാഗമായി 18ന് ആലപ്പുഴ ജില്ലയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെത്തും.
സമിതിയുടെ ആദ്യയോഗത്തിൽ പ്ലാനിംഗ് ബോർഡ് ഉപാദ്ധ്യക്ഷൻ ഡോ. വി.കെ രാമചന്ദ്രൻ, സമിതി ചെയർമാനും കെ.എസ്.സി.എസ്.ടി.ഇ. എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ആയ പ്രൊഫ. കെ.പി.സുധീർ, പ്ലാനിംഗ് ബോർഡ് മെമ്പർ ടി ജയരാമൻ, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം. ചന്ദ്രദത്തൻ, ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ പ്രൊഫ. എസ്.കെ.സതീഷ്, ഇൻഡ്യൻ കാലാവസ്ഥ വകുപ്പിലെ ശാസ്ത്രജ്ഞൻ ഡോ.ഡി. ശിവാനന്ദപൈ, ഐ.ഐ.റ്റി ചെന്നെയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. സച്ചിൻ എസ് ഗുന്ദെ, ഐ.ഐ.റ്റി മുംബൈയിലെ പ്രൊഫസർ ദിപാംകർ ചൗധരി, ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുൻ ശാസത്രജ്ഞൻ ഡോ. ശ്രീകുമാർ ചന്ദോപാധ്യായ, സി.ഡബ്ല്യു.ആർ.ഡി.എം. മുൻ ഡയറക്ടർ ഡോ. ഇ. ജെ. ജെയിംസ്, സി.ഡബ്ല്യു.ആർ.ഡി.എം. ഡയറക്ടർ ഡോ. എ. ബി. അനിത, കെ.എസ്.ഇ.ബി.യിലെയും, ഇറിഗേഷൻ വകുപ്പിലേയും, ദുരന്ത നിവാരണ വകുപ്പിലേയും, കെ.എസ്.ബി.എസ്.ടി.ഇ യിലേയും ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week