ഗുവാഹത്തി: പ്രളയ ദുരിതമൊഴിയാതെ അസം. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ വെള്ളപ്പൊക്കത്തിൽ ആറ് പേർ മരിച്ചു. ഗുവാഹത്തിയിൽ വെള്ളപ്പൊക്കത്തിൽ കാണാതായ എട്ടുവയസ്സുകാരനായി മൂന്നാം ദിവസവും തിരച്ചിൽ തുടരുകയാണ്. കനത്ത മഴയിൽ ഗുവാഹത്തി മുങ്ങിയതോടെയാണ് ഹീരാലാലിന്റെ എട്ടുവയസ്സുള്ള മകൻ അഭിനാഷിനെ അഴുക്കുചാലിൽ വീണ് കാണാതായത്.
വ്യാഴാഴ്ച വൈകിട്ടാണ് കുട്ടിയെ കാണാതായത്. കനത്ത മഴയ്ക്കിടെ വീട്ടിലേക്കുള്ള യാത്രയിൽ അഭിനാഷ് പിതാവിൻ്റെ സ്കൂട്ടറിൽ നിന്ന് തെന്നി ഓടയിൽ വീഴുകയായിരുന്നു. മകൻ്റെ കൈകൾ അഴുക്കുചാലിൽ മുങ്ങിത്താഴുന്നത് കണ്ടെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ലെന്ന് ഹീരാലാൽ പറഞ്ഞു.
വിവിധ ദുരന്ത നിവാരണ ഏജൻസികളുടെ സഹായത്തോടെ കുട്ടിയെ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. സ്‌നിഫർ ഡോഗ്‌സ്, സൂപ്പർ സക്കറുകൾ, എക്‌സ്‌കവേറ്റർ സന്നാഹങ്ങൾ തിരച്ചിലിനായി വിന്യസിച്ചിട്ടുണ്ട്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അപകടസ്ഥലം സന്ദർശിക്കുകയും കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തു. അദ്ദേഹം രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
അസമിൽ ഉണ്ടായ അതിരൂക്ഷമായ വെള്ളപ്പൊക്കത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 58 ജീവനുകളാണ് പൊലിഞ്ഞത്. 23 ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചു. കച്ചാർ, കാംരൂപ്, ധുബ്രി, നാഗോൺ, ഗോൾപാറ, ബാർപേട്ട, ദിബ്രുഗഡ്, ബൊംഗൈഗാവ്, ലഖിംപൂർ, ജോർഹട്ട്, കൊക്രജാർ, കരിംഗഞ്ച്, ടിൻസുകിയ തുടങ്ങിയ ജില്ലകളെയാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്.
വെള്ളപ്പൊക്കത്തിൽ കാസിരംഗ ദേശീയ ഉദ്യാനത്തിലെ 114 വന്യമൃഗങ്ങൾ ചത്തു. ശനിയാഴ്ച വരെ 95 മൃഗങ്ങളെ രക്ഷപ്പെടുത്തിയതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. നാല് കാണ്ടാമൃഗങ്ങളും 94 മാനുകളും മുങ്ങിച്ചത്തു. 11 മൃഗങ്ങൾ ചികിത്സയ്ക്കിടെയാണ് ചത്തത്. നിലവിൽ, 34 മൃഗങ്ങൾ ചികിത്സയിലുള്ളതായും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.