ചെങ്ങന്നൂര്‍: ശക്തമായ വേനല്‍ മഴയേത്തുടര്‍ന്ന് ചെങ്ങന്നൂര്‍ നഗരത്തിലെ 32 കടകളില്‍ വെള്ളംകയറി. തുണിക്കടകള്‍, സ്വര്‍ണക്കടകള്‍, ഹോട്ടല്‍, ഫാന്‍സി സ്റ്റോറുകള്‍ എന്നിവ വെള്ളംകയറിയ കൂട്ടത്തില്‍പ്പെടും. രണ്ട് തുണിക്കടകളിലായി നിലത്തുവെച്ചിരുന്ന 15,000 രൂപയുടെ തുണി മലിനജലത്തില്‍ മുങ്ങിനശിച്ചു. ഓട നിറഞ്ഞുകവിഞ്ഞ് കയറിയ വെള്ളമായതിനാല്‍ കടകളിലെല്ലാം രൂക്ഷമായ ദുര്‍ഗന്ധമാണ്. ലോക്ക് ഡൗണ്‍ മൂലം ദുരിതത്തിലായ കടയുടമകള്‍ക്ക് വെള്ളം കയറിയത് ദുരിതമേറ്റി.
തുടര്‍ച്ചയായി കുറച്ചുസമയം മഴ പെയ്താല്‍ ചെങ്ങന്നൂര്‍ നഗരം വെള്ളത്തില്‍ മുങ്ങും. കടകളില്‍ വെള്ളംകയറും. കാല്‍നട ബുദ്ധിമുട്ടാകും. ഇതിന് പരിഹാരം കാണാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. നാട് മുഴുവന്‍ മുക്കിയ പ്രളയംപോലും എത്തിനോക്കാത്ത പ്രദേശമാണ് ചെങ്ങന്നൂര്‍ നഗരത്തിലെ ബഥേല്‍ കവല മുതല്‍ ഗവണ്‍മെന്റ് ആശുപത്രി കവല വരെയുള്ള ഭാഗം. പക്ഷേ, മഴ നഗരത്തെ വെള്ളത്തില്‍ മുക്കും. വെള്ളം ഒഴുകിപ്പോകേണ്ട ഓടകള്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കയറി അടയുന്നതാണ് അപ്രതീക്ഷിത വെള്ളക്കെട്ടിന് കാരണം.
കുടിവെളള കുപ്പികളും മറ്റും അലക്ഷ്യമായി എറിയുന്നത് കാരണം ഓടയില്‍ എത്തിപ്പെടും. പല സ്ഥലത്തും മണ്ണും കല്ലും മറ്റ് ചപ്പുചവറുകളും നിറഞ്ഞ് ഓട അടഞ്ഞുകിടക്കുകയാണ്. അടിയന്തിരമായി പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.