തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ ഐടി വകുപ്പിലെ നിയമനങ്ങള്‍ ധനകാര്യ പരിശോധനാ വിഭാഗം അന്വേഷിക്കും. കെഎസ്‌ഐടിഐഎല്ലില്‍ അടക്കം നടത്തിയ മുഴുവന്‍ നിയമനങ്ങളെ കുറിച്ചും അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി നല്‍കിയ നിര്‍ദ്ദേശപ്രകാരമാണ് നടപടി.
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ നിയമനത്തിന് പിന്നില്‍ ഐടി വകുപ്പ് സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ ശുപാര്‍ശയുണ്ടായിരുന്നുവെന്ന് വ്യക്തമായതിന് പിന്നാലെയാണിത്. ഐടി വകുപ്പിലെ മുഴുവന്‍ നിയമനങ്ങളും ധനകാര്യ പരിശോധനാ വിഭാഗം അന്വേഷിക്കണം.
സുതാര്യമായാണ് നിയമനങ്ങള്‍ നടത്തിയതെന്ന് ഉറപ്പുവരുത്താനാണിത്. ഉദ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിച്ച രേഖകളടക്കം പരിശോധിക്കാനും സര്‍ക്കാര്‍ ഉത്തരവില്‍ ആവശ്യപ്പെടുന്നു. സ്വര്‍ണ്ണക്കടത്തില്‍ കുറ്റാരോപിതനായ ശിവശങ്കറിന് എതിരെ ചീഫ് സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയും ചേര്‍ന്ന് അന്വേഷണം നടത്തിയിരുന്നു. ഇന്നലെ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച ഇവരുടെ റിപ്പോര്‍ട്ടിലാണ് ശിവശങ്കര്‍ നിയമം തെറ്റിച്ചും പ്രോട്ടോക്കോള്‍ ലംഘിച്ചും സ്വപ്നയുടെ നിയമനത്തില്‍ ഇടപെട്ടിരുന്നുവെന്ന് വ്യക്തമായത്. ഐടി വകുപ്പിന് കീഴിലെ സ്‌പേസ് പാര്‍ക് ഓപ്പറേഷന്‍സ് മാനേജറായി നിയമിച്ചതിന് പിന്നില്‍ ശിവശങ്കര്‍ നല്‍കിയ ശുപാര്‍ശയുണ്ടായിരുന്നു.
യുഎഇ കോണ്‍സുലേറ്റ് ജീവനക്കാരിയായിരുന്ന സ്വപ്നയുടെ നിയമനം പിഡബ്ല്യുസി വഴിയെന്നായിരുന്നു സിപിഎം നേതാക്കളടക്കം വിശദീകരിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നത്. സംസ്ഥാന ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് സെക്രട്ടറിയും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.