ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുംവരെ സമരം തുടരുമെന്ന് കര്‍ഷകര്‍. സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തിലാണ് തീരുമാനം. മിനിമം താങ്ങുവില സംബന്ധിച്ച നിയമം കൊണ്ടുവരണമെന്നും കര്‍ഷകര്‍ക്കെതിരെ ചുമത്തിയ പോലീസ് കേസുകള്‍ പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംയുക്ത കിസാന്‍ മോര്‍ച്ചയുടെ മുന്‍കൂട്ടി തീരുമാനിച്ച പരിപാടികള്‍ അതേപടി തുടരും. തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറാണെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കത്ത് എഴുതുന്നത്.
ഇന്നലെ ചേര്‍ന്ന കര്‍ഷക സംഘടനകളുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ സമരവുമായി മുന്നോട്ടു പോകാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിരുന്നു. പാര്‍ലമെ ന്റില്‍ ബില്ലവതരിപ്പിച്ചു നിയമം പിന്‍വലിക്കുന്നതുവരെ സമരസ്ഥലങ്ങളില്‍ തുടരും. തങ്ങള്‍ ഉന്നയിച്ച മറ്റ് ആവശ്യങ്ങള്‍കൂടി സര്‍ക്കാര്‍ അംഗീകരിക്കണമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.
ലക്നോയില്‍ പ്രഖ്യാപിച്ച മഹാപഞ്ചായത്ത് 22നു തന്നെ നടത്തും. കര്‍ഷകസമരത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന 26ന് ഡല്‍ഹി അതിര്‍ത്തികളിലെ സമ രവേദികളായ സിംഗു, തിക്രി എന്നിവിടങ്ങളില്‍ പ്രത്യേക പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി.
29ന് പാര്‍ലമെന്റ് സമ്മേളനം ആരം ഭിക്കുന്ന അന്നുമുതല്‍ പാര്‍ലമെന്റിലേക്ക് നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ ഓരോ ദിവസവും 500 കര്‍ഷകര്‍ വീതം പങ്കെടുക്കുമെന്നും റാലി സമാധാനപരമായി നടത്താനാണ് ആഗ്രഹിക്കുന്നതെന്നും കര്‍ഷകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.