സംസ്ഥാനത്തെ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നത് മായം കലര്‍ന്ന മട്ടയരിയാണെന്ന ആരോപണത്തില്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിലെ സാമ്പിളുകള്‍ കോന്നിയിലെ ലാബിൽ പരിശോധനയ്ക്ക് അയച്ചു.മായം കലര്‍ന്നതായി കണ്ടെത്തിയാല്‍ മറ്റ് ജില്ലകളിലും പരിശോധന നടത്താനാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനം.
മില്ലൂകാര്‍ മായം കലര്‍ത്തിയ മട്ടയരി സപ്ലൈകോയ്ക്ക കൈമാറുന്നുവെന്നാണ് ആരോപണം. കളര്‍ ചേര്‍ത്ത അരി കഴുകുമ്പോള്‍ പുഴുക്കലരിയായി മാറുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു. വെള്ളനെല്ല് റെഡ്ഓക്സൈഡ് ചേര്‍ത്താണ് മട്ടയാക്കുന്നുവെന്നാണ് ആരോപണം. നേരത്തെ പരാതി ഉയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ അന്വേഷണം നടത്തിയിരുന്നു. ഭക്ഷ്യമന്ത്രി നേരിട്ടെത്തി വ്യാജ അരി കണ്ടെത്തിയിരുന്നു. മായം കലര്‍ത്തിയ പ്രമുഖ മില്ലിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.
രണ്ട് തവണയായിട്ടാണ് സംസ്ഥാനത്ത് നെല്ല് സംഭരണം നടക്കുന്നത്. കന്നി, മകരം മാസങ്ങളിലാണ് കൊയത്ത് നടക്കുന്നത്. 26 രൂപ 95 പൈസയാണ് ഒരു കിലോ നെല്ല് സംഭരിക്കുമ്പോള്‍ ഇപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. സംഭരണത്തുക നിശ്ചയിക്കുന്നത് സര്‍ക്കാരാണ്. സ്വകാര്യ മില്ലുകാര്‍ നേരിട്ട് സംഭരിക്കും. ബാങ്ക് അകൗണ്ട് വഴിയാണ് തുക കൈമാറുന്നത്. സംഭരിക്കുന്ന സമയത്ത് നെല്ലില്‍ ഈര്‍പ്പമുണ്ടെന്ന കാരണം പറഞ്ഞ് കര്‍ഷകരുമായി മില്ലുകാര്‍ വിലപേശുന്നുണ്ട്. മില്ലുകാര്‍ നിശ്ചയിക്കുന്ന തുകയ്ക്ക് നല്കാന് തയ്യാറായില്ലെങ്കില്‍ സംഭരണം നിര്‍ത്തിവെക്കും. സമ്മര്‍ദ്ദത്തിലാകുന്ന കര്‍ഷകര്‍ മില്ലുകാര്‍ നിശ്ചയിക്കുന്ന തുകയ്ക്ക് നെല്ല് കൈമാറും. ഇതിലൂടെ മില്ലുകാര്‍ കൊള്ളലാഭം കൊയ്യുന്നുണ്ടെന്നാണ് വര്‍ഷങ്ങളായി കര്‍ഷകര്‍ ആരോപിക്കുന്നത്.
100 കിലോ നെല്ല് സംസ്കാരിക്കുമ്പോള്‍ 64.5 കിലോ അരിയാണ് സര്‍ക്കാരിന് തിരിച്ച് കൊടുക്കേണ്ടത്. നേരത്തെ 68 കിലോ അരി കൊടുക്കണമെന്നായിരുന്നു നേരത്തെയുള്ള കരാര്‍. നഷ്ടമാണെന്ന് മില്ലുകാര്‍ സമ്മര്‍ദ്ദത്തിലാക്കി 64.5 കിലോയാക്കി കുറയ്ക്കുകയായിരുന്നു. ഒരു കിന്റ്വലിന് 214 രൂപയാണ് കൂലി. കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന നെല്ല് ബ്രാന്റഡ് അരിയാക്കി മാറ്റുന്നു. സര്‍ക്കാരിന് കൊടുക്കേണ്ട അളവ് ഉണ്ടാക്കാന്‍ വ്യാജ അരിയുണ്ടാക്കുന്നു. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നും എത്തിക്കുന്ന വില കുറഞ്ഞ അരിയില്‍ തവിടും റെഡ്ഓക്സൈഡും ചേര്‍ത്ത് മട്ടയരിയാക്കി മാറ്റുന്നു. അതിനുള്ള മെഷിനറികളും മില്ലുകളിലുണ്ട്. ഇങ്ങനെ കളര്‍ ചേര്‍ത്ത അരിയാണ് റേഷന്‍ കടകളിലേക്ക് അയക്കുന്നത്. എല്ലാ ചിലവുകളും കഴിഞ്ഞ് ഒരു കിലോയ്ക്ക് 20 രൂപ മില്ലുകാര്‍ക്ക് ലാഭം കിട്ടുന്നു.
കഴിഞ്ഞ രണ്ട് മാസം മട്ടയരിയുടെ വിതരണം തടസ്സപ്പെട്ടിരുന്നു. സംഭരിച്ച നെല്ലില്‍ നിന്നും വളരെ കുറഞ്ഞ അളവിലുള്ള അരിയാണ് മില്ലുകാര്‍ ഇക്കാലയളവില്‍ സര്‍ക്കാരിന് തിരിച്ചേല്‍പ്പിച്ചതെന്നാണ് ആരോപണം. 45 ദിവസത്തിനകമാണ് അരി സപ്ലൈകോ ഗോഡൗണില്‍ എത്തിച്ച് നല്‍കേണ്ടത്. മില്ലുകാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നില്ലെന്നാണ് റേഷന്‍ വ്യാപാരികളുടെ ആരോപണം
സര്‍ക്കാരിന് കൊടുക്കാനുള്ള ബാക്കി അരി വ്യാജമായി മില്ലുകാര്‍ നിര്‍മ്മിക്കുന്നുണ്ട്. ഓണത്തിനോടനുബന്ധിച്ച് ഈ അരി റേഷന്‍ കടകളിലെത്തും. അത് തടയാന്‍ ഭക്ഷ്യവകുപ്പ് കര്‍ശന പരിശോധന നടത്തണമെന്ന് റേഷന്‍ വ്യാപാരികള്‍ ആവശ്യപ്പെടുന്നു. സിവില്‍ സപ്ലൈസ് ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന് പഴക്കം വന്ന അരി മില്ലുകളിലേക്ക് കടത്തുന്നതായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും പരാതി ഉയര്‍ന്നിരുന്നു. ഇങ്ങനെ എത്തുന്ന അരി മായം കലര്‍ത്തി മട്ടയാക്കി മാറ്റുന്നു. ലോക്ഡൗണില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നല്കിയ അരി ഇടനിലക്കാര്‍ വഴി മില്ലുകാര്‍ സംഭരിച്ചതായും രാജു കണയന്നൂര്‍ പറയുന്നു. വ്യാജ അരി നിര്‍മ്മിക്കാനാണ് ഇതും ഉപയോഗിക്കുന്നു.
മായം കലര്‍ത്തിയ അരി വെള്ളത്തിലിട്ട് കഴുകുമ്പോള്‍ വെള്ളയരിയായി മാറും. റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന പുഴുക്കലരിക്ക് ഉണക്ക് കൂടുതലാണ്. മൂന്ന് വര്‍ഷം വരെ സ്റ്റോക്ക് ചെയ്ത അരിയായിരിക്കാം ഇത്.മട്ടയരിക്ക് ജലാംശം കൂടുതലായിരിക്കും. മായമില്ലാത്ത മട്ടയരി കഴുകുമ്പോള്‍ ഒരു തവണ മാത്രമാണ് നിറം മാറുക. വ്യാജനാണെങ്കില്‍ ഓരോ തവണ കഴുകുമ്പോഴും അരിയുടെ നിറം മാറി പുഴുക്കലരിയായി മാറും.സര്‍ക്കാര്‍ സംവിധാനങ്ങളിലെ പരിശോധന പൂര്‍ത്തിയാക്കി എത്തുന്ന അരിയിലാണ് ഈ വ്യാജന്മാര്.ചുരുക്കത്തില്‍ 20 ശതമാനം മുതല്‍ 80 ശതമാനം വരെ മായം ചേര്‍ത്ത അരി റേഷന്‍ കടയിലുണ്ടെന്നാണ് പരസ്യമായ രഹസ്യം