ബോളിവുഡില്‍ അവസരം ലഭിച്ചു; സ്‌ക്രിപ്റ്റ് ഇഷ്ടമായെങ്കിലും ആ സംവിധായകന്‍ മറ്റൊരാളെ വെച്ച് സിനിമയെടുത്തു: ഫഹദ് ഫാസില്‍
കൊച്ചി:ബോളിവുഡില്‍ അവസരം ലഭിച്ചു; സ്‌ക്രിപ്റ്റ് ഇഷ്ടമായെങ്കിലും ആ സംവിധായകന്‍ മറ്റൊരാളെ വെച്ച് സിനിമയെടുത്തു: ഫഹദ് ഫാസില്‍
തനിക്ക് ബോളിവുഡില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നുവെന്ന് പറയുകയാണ് ഫഹദ് ഫാസില്‍. ഒരു സിനിമക്കായി സംവിധായകന്‍ വിശാല്‍ ഭരദ്വാജ് തന്നെ സമീപിച്ചിരുന്നുവെന്നും അന്ന് സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ ഇഷ്ടമായെന്നും താരം പറയുന്നു.
എന്നാല്‍ ആ സിനിമക്ക് താന്‍ യോജിക്കില്ലായിരുന്നുവെന്നും അതുകൊണ്ട് സംവിധായകന്‍ മറ്റൊരാളെ വെച്ച് ആ സിനിമ ചെയ്തുവെന്നും ഫഹദ് തുറന്നു പറയുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ ആവേശത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
ഹിന്ദി ഭാഷ തനിക്ക് അധികം മനസിലാകില്ലെന്നും അതുകൊണ്ട് ഹിന്ദി സംസാരിക്കുന്ന സൗത്തിന്ത്യക്കാരന്റെ കഥാപാത്രങ്ങളാണ് തന്നെ തേടി വരുന്നതെന്നും ഫഹദ് പറഞ്ഞു. താന്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ തയ്യാറാണെന്നും തമിഴിനും തെലുങ്കിനും ശേഷം ഒരു ഹിന്ദി സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘ഹിന്ദിയില്‍ അഭിനയിക്കാന്‍ എനിക്ക് ചാന്‍സ് ലഭിച്ചിരുന്നു. ഒരു ചിത്രത്തിനായി എന്നെ സംവിധായകന്‍ വിശാല്‍ ഭരദ്വാജ് സമീപിച്ചിരുന്നു. അന്ന് സ്‌ക്രിപ്റ്റ് കേട്ടു. എനിക്ക് അത് ഇഷ്ടമാകുകയും ചെയ്തു. എന്നാല്‍ ആ ചിത്രത്തിന് ഞാന്‍ യോജിക്കില്ലായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം മറ്റൊരാളെ വെച്ച് ആ സിനിമ ചെയ്തു.
ഇതുവരെ നല്ല കഥകള്‍ ബോളിവുഡില്‍ നിന്ന് എന്നെ തേടി വന്നിട്ടില്ല. സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറും നടനായ വിക്കി കൗശലുമായൊക്കെ എനിക്ക് നല്ല സൗഹൃദമുണ്ട്. കരണ്‍ എന്റെ പടങ്ങള്‍ കണ്ടതിന് ശേഷം എന്നെ വിളിച്ച് അഭിപ്രായം പറയാറുണ്ട്.
എനിക്ക് ഹിന്ദി അധികം മനസിലാകില്ല. അതുകൊണ്ട് ഹിന്ദി സംസാരിക്കുന്ന ഒരു സൗത്തിന്ത്യക്കാരന്റെ കഥാപാത്രങ്ങളാണ് എന്നെ തേടി വരുന്നത്. ഞാന്‍ അത് ചെയ്യാനും റെഡിയാണ്. ഇതിനോടകം ഞാന്‍ തമിഴിലും തെലുങ്കിലും സിനിമകള്‍ ചെയ്തിട്ടുണ്ട്. ഒരു ഹിന്ദി പടം ചെയ്യാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ അത് എപ്പോഴാണെന്ന് എനിക്ക് അറിയില്ല,’ ഫഹദ് ഫാസില്‍ പറഞ്ഞു.