32.3 C
Kottayam
Friday, March 29, 2024

‘അബ്ദുറഹ്മാൻ എന്ന പേരിൽ തന്നെ തീവ്രവാദിയുണ്ട്’വിവാദപരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ ഫാ. തിയോഡേഷ്യസ് ഡിക്രൂസ്

Must read

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷൻ ആക്രമണത്തെ തുടർന്ന് സമര സമിതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് മന്ത്രി വി.അബ്ദുറഹ്മാനെതിരെ നടത്തിയ പരാമർശം വിവാദമാവുകയും കടുത്ത പ്രതിഷേധത്തിന് വഴി വയ്ക്കുകയും ചെയ്തിരുന്നു. ഡിക്രൂസ് പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്ന ആവശ്യവും ഉയർന്നു. അബ്ദുറഹ്മാന്റെ പേരിൽ തന്നെയൊരു തീവ്രവാദിയുണ്ട് എന്ന് തുടങ്ങുന്ന പരാമർശമാണ് വിവാദമായത്. ഏതായാലും, പ്രശ്‌നം തണുപ്പിക്കാൻ, മന്ത്രി വി അബ്ദുറഹ്മാനെതിരായ തീവ്രവാദി പരാമർശത്തിൽ ഫാദർ തിയോഡേഷ്യസ് ഡിക്രൂസ് ഖേദം പ്രകടിപ്പിച്ചു.

സംഭവിച്ചത് നാക്ക് പിഴവാണ്. പരാമർശം സമുദായങ്ങൾക്കിടയിൽ ചേരി തിരിവ് ഉണ്ടാക്കാൻ ഇടയായതിൽ ഖേദിക്കുന്നെന്ന് ഡിക്രൂസ് വിശദീകരിച്ചു. തീവ്രവാദി പരാമർശം വികാര വിക്ഷോഭത്തിൽ പറഞ്ഞു പോയതാണെന്നും പ്രസ്താവന നിരുപാധികം പിൻവലിക്കുന്നെന്നും തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു.

ഫാദർ. തിയോഡേഷ്യസ് ഡിക്രൂസിന്റെ പ്രസ്താവന:

‘ഇന്നലെ ബഹുമാനപ്പെട്ട ഫിഷറിസ് വകുപ്പ് മന്ത്രി ശ്രീ അബ്ദുറഹുമാൻ നടത്തിയ വിഴിഞ്ഞം സമര സമിതി അംഗങ്ങളും മത്സ്യത്തൊഴിലാളികളും ദേശദ്രോഹികളും രാജ്യവിരുദ്ധരുമാണെന്ന പ്രസ്താവന സ്വാഭാവികമായി എന്നിൽ സൃഷ്ടിച്ച വികാര വിക്ഷോഭമാണ് അദ്ദേഹത്തിനെതിരെ നടത്തിയ, അബ്ദുറഹുമാൻ എന്ന പേരിൽ തന്നെ തീവ്രവാദിയുണ്ട് എന്ന പരാമർശം. ഈ പ്രസ്താവന ഞാൻ നിരുപാധികം പിൻവലിക്കുന്നു. ഒരു നാക്ക് പിഴവായി സംഭവിച്ച പരാമർശത്തിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ന്യൂനപക്ഷങ്ങൾ കൈകോർത്തു പ്രവർത്തിക്കേ ഈയവസരത്തിൽ എന്റെ പ്രസ്താവന സമുദായങ്ങൾക്കിടയിൽ ചേരിതിരിവ് ഉണ്ടാക്കാൻ ഇടയായതിൽ ഞാൻ ഖേദിക്കുന്നു.”

തിയോഡേഷ്യസ് ഡിക്രൂസ് ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ പ്രശ്നം അവസാനിപ്പിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് അതിരൂപതാ വക്താവ് ഫാദർ. സി ജോസഫ് ആവശ്യപ്പെട്ടു.

തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ തീവ്രവാദി പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വിഴിഞ്ഞം സമരസമിതിയും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. സമരസമിതി നേതാവ് ഫാദർ മൈക്കിൾ തോമസാണ് ഖേദപ്രകടനം നടത്തിയത്. അബ്ദുറഹ്മാനെ തീവ്രവാദിയെന്ന് വിളിച്ച ഡിക്രൂസിന്റെ പരാമർശം തെറ്റാണെന്ന് മൈക്കിൾ തോമസ് ഒരു ചാനൽ ചർച്ചയിൽ സമ്മതിക്കുകയായിരുന്നു.

‘പദപ്രയോഗങ്ങൾ സൂക്ഷിക്കണമെന്ന് വിശ്വസിക്കുന്നു. തെറ്റ് പറ്റിയാൽ അത് സമ്മതിക്കാനും ഖേദം പ്രകടിപ്പിക്കാനും ഞങ്ങൾ മടി കാണിക്കില്ല. ഉദേശിച്ച രീതിയിൽ അല്ല പരാമർശം വ്യാഖ്യാനിക്കപ്പെട്ടത്. പൊതുസമൂഹം മുമ്പാകെ തെറ്റിദ്ധാരണ പരത്തിയതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. സമരസമിതിക്ക് വേണ്ടിയാണ് ഞാനിത് പറയുന്നത്.”-മൈക്കിൾ തോമസ് പറഞ്ഞു.

അബ്ദുറഹ്മാന്റെ പേരിൽ തന്നെയൊരു തീവ്രവാദിയുണ്ടെന്നാണ് ഡിക്രൂസ് കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞത്. ”അബ്ദുറഹ്മാന്റെ പേരിൽ തന്നെയൊരു തീവ്രവാദിയുണ്ട്. അബ്ദുറഹ്മാൻ യഥാർത്ഥത്തിൽ മത്സ്യത്തൊഴിലാളുകളുടെ കാര്യം നോക്കേണ്ട മന്ത്രിയാണ്. പക്ഷെ വിടുവായനായ അബ്ദുറഹ്മാൻ അഹമ്മദ് ദേവർകോവിലിന് വേണ്ടിയാണ് സംസാരിക്കുന്നത്. രാജ്യദ്രോഹം ചെയ്തത് ആരാണെന്ന് വിഴിഞ്ഞത്ത് നടന്ന സമരത്തിൽ നിന്ന് മനസിലാകും. അബ്ദുറഹ്മാന്റെ ഗുണ്ടകളെ അഴിഞ്ഞാടാൻ വിട്ടതുകൊണ്ടാണ് മത്സ്യത്തൊഴിലാളികൾ നിഷ്‌കരുണം അടികൊള്ളേണ്ടി വന്നത്. ഞങ്ങൾ രാജ്യദ്രോഹികളായിരുന്നെങ്കിൽ അബ്ദുറഹ്മാനെ പോലുള്ള ഏഴാം കൂലികൾ ഇവിടെ ഭരണം നടത്തില്ലായിരുന്നു.’

തിയോഡോഷ്യസ് ഡിക്രൂസ് പറഞ്ഞു.തിയോഡേഷ്യസ് ഡിക്രൂസിന്റെ പരാമർശത്തിനെതിരെ വ്യാപകവിമർശനങ്ങൾ ഉയർന്നിരുന്നു. അബ്ദുറഹ്മാൻ എന്ന പേരിൽ എന്താണ് തീവ്രവാദമെന്നത് തിയോഡേഷ്യസ് ഡിക്രൂസ് വ്യക്തമാക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരുന്നു. മുസ്ലിം വിരുദ്ധമായ പ്രതികരണമാണ് വിഴിഞ്ഞത്ത് കലാപത്തിന് ശ്രമിച്ചവർ നടത്തിയത്. ഇതിന് പുറമേ കെ ടി ജലീൽ അടക്കമുള്ളവരും ഫാദർ തിയോഡേഷ്യസിന് എതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week