35.9 C
Kottayam
Thursday, April 25, 2024

എട്ട് പ്രതികളും ബിജെപി അനുഭാവികൾ ‘, ഷാജഹാൻ കൊലപാതകം രാഷ്ട്രീയ പ്രേരിതം തന്നെയെന്ന് പൊലീസ്

Must read

പാലക്കാട് : പാലക്കാട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തിൽ ആദ്യ വാദത്തിൽ നിന്നും മലക്കം മറിഞ്ഞ് പൊലീസ്. വ്യക്തിവിരോധത്തെ തുടർന്നുള്ള കൊലപാതകമെന്ന് നേരത്തെ വിശദീകരിച്ച പൊലീസ്, പ്രതികളുടെ കസ്റ്റഡി അപേക്ഷയിൽ രാഷ്ട്രീയ പ്രേരിതമായ കൊലപാതകമെന്നാണ് വ്യക്തമാക്കുന്നത്. ഒന്നു മുതൽ എട്ട് വരെയുളള പ്രതികൾ ബിജെപി അനുഭാവികളാണെന്നും രാഷ്ട്രീയ വിരോധം മൂലമാണ് സിപിഎം പ്രവർത്തകനായ ഷാജഹാനെ വെട്ടിക്കൊന്നതെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു. 

കുന്നാങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ കൊല്ലപ്പെടാൻ കാരണം പാർട്ടിയിലെ വളർച്ചയിൽ പ്രതികൾക്ക് ഉണ്ടായ വിരോധമാണെന്നായിരുന്നു പാലക്കാട്‌ എസ്പി നേരത്തെ നടത്തിയ വെളിപ്പെടുത്തൽ. ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറി ആയതോടെ പ്രതികളുടെ ശത്രുത കടുത്തുവെന്നും പ്രാദേശികമായി ഉണ്ടായ ചില തർക്കങ്ങളാണ് പെട്ടന്നുള്ള കൊലയിൽ കലാശിച്ചതെന്നുമാണ് അന്ന് പൊലീസ് വ്യക്തമാക്കിയത്. രാഖി കെട്ടിയതുമായുള്ള തർക്കവും, ഗണേഷോത്സവത്തിൽ പ്രതികൾ ഫ്ലെക്സ് വയ്ക്കാൻ ശ്രമിച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റവും ആണ് പെട്ടന്നുള്ള പ്രകോപനമെന്നും ഓരോ പ്രതികൾക്കും ഷാജഹാനോടുള്ള പകയ്ക്ക് വെവ്വേറെ കാരണം ഉണ്ടെന്നും അന്ന് പൊലീസ് വിശദീകരിച്ചിരുന്നു. 

ഇതോടെ പൊലീസിനെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി തന്നെ രംഗത്തെത്തി. വ്യക്തിവിരോധമെന്നും, ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറിയായ ശേഷമാണ് വിയോജിപ്പ് തുടങ്ങിയതെന്നുമുള്ള പൊലീസ് ഭാഷ്യം തള്ളിയ സിപിഎം, ‘കൊലപാതകത്തിന് ആര്‍എസ്എസിന്റെ സഹായം പ്രതികൾക്ക് കിട്ടിയെന്നും കൃത്യമായ ആസൂത്രണത്തോടെയാണ് കൊല നടപ്പിലാക്കിയതെന്നും ആവർത്തിച്ചു. 

കൊലപാതകത്തിന് കാരണം വ്യക്തി വിരോധമാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായും അതിന് പിന്നിൽ ആരുടെയോ പ്രത്യേക അജണ്ടയുണ്ടെന്നുമായിരുന്നു സിപിഎം ആരോപണം. വ്യക്തിവിരോധത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് പൊലീസ് പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു പരസ്യമായി തുറന്നടിച്ചു. എസ് പി അല്ല സിപിഎം. അന്വേഷണം കുറ്റമറ്റ രീതിയിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്’. എസ് പി പറയുന്നത് എല്ലാം എസ്പിയുടെ തോന്നലുകളാണെന്നും ഇ എൻ. സുരേഷ്  ബാബു അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെല്ലാം ബിജെപി അനുഭാവികളെന്ന് പൊലീസ് കസ്റ്റഡി അപേക്ഷയിൽ വിശദീകരിക്കുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week